നാട്ടുകാർക്ക് ദുരിതമായി പന്നി ഫാമുകള്‍
text_fieldsപാലോട്: പെരിങ്ങമ്മല, നന്ദിയോട്, ഭരതന്നൂര്‍, പാലോട് പ്രദേശങ്ങളിലെ അനധികൃത പന്നിഫാമുകള്‍ നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മൂന്ന് പഞ്ചായത്തുകളിലായി പത്തിലധികം പന്നിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും ലൈസന്‍സില്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
കാട്ടാക്കട മേഖലകളില്‍ ജനകീയ സമരങ്ങള്‍ നടത്തി പൂട്ടിയ പന്നിഫാമുകളാണ് അവിടുന്ന് മാറ്റി പാലോട് മേഖലയിലേക്ക് കൊണ്ടുവന്നത്. മിക്ക പന്നിഫാമുകളും വനമേഖലയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യം തള്ളാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം വനമേഖലയാണെന്ന് കണ്ടെത്തിയാണ് ഇവിടെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടക്ക് വനംവകുപ്പ് ഇടപെട്ട് നന്ദിയോട് പഞ്ചായത്തിലെ ചെക്കോണം ബീറ്റിലെ പന്നിഫാം പൂട്ടിച്ചിരുന്നു. ഇതേ മേഖലയില്‍ തന്നെ അനധികൃതമായി മറ്റു ചില സ്ഥലങ്ങളിലും പന്നിഫാം പ്രവര്‍ത്തിക്കുന്നുണ്ട്.
കരിപ്പമല, നീര്‍പ്പാറ എന്നിവിടങ്ങളിലും ഫാമുകളുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ സൂര്യകാന്തിയില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമിനും ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ലഭിച്ചിട്ടില്ല.
പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂര്‍, ചെമ്പന്കോടിന് സമീപമുള്ള പന്നിഫാമിലേക്ക് പോകാനുള്ള വഴി വനത്തിനകത്തുകൂടിയാണ് നിർമിച്ചിരിക്കുന്നത്. ഈ വഴിയിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വനംവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.
വനത്തിനകത്തൂടെ അനധികൃതമായി വാഹനങ്ങള്‍ പ്രവേശിച്ചാല്‍ വനസമ്പത്ത് ചൂഷണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ഈ ആവശ്യം പാലോട് റെയ്ഞ്ച് ഓഫിസര്‍ നിരസിക്കുകയായിരുന്നു. കാട്ടുമൃഗങ്ങളുടെ വേട്ടക്ക് പേരുകേട്ട പ്രദേശമാണ് ചെമ്പന്‍കോട്. മുമ്പും നിരവധി കേസുകള്‍ ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വനമേഖലയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിഫാമുകള്‍ക്ക് കടിഞ്ഞാണിടുന്നതിനായി വനം വകുപ്പ് പാലോട് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ തടയിടാനായി ഗ്രാമപഞ്ചായത്തുകള്‍ സജീവമായി രംഗത്തുണ്ട്. പഞ്ചായത്തിന്റെ അകമഴിഞ്ഞ ഒത്താശയോടു കൂടിയാണ് മിക്ക പന്നിഫാമുകളും അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. പന്നിഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ സമീപപ്രദേശത്ത് തള്ളുന്നതിനാല്‍ നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുകയാണ്.