മ്ലാവിനെ വെടിവെച്ച കേസ്; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
text_fieldsപാലോട്: മ്ലാവിനെ വെടിവെച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിലായി. 2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.
പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മാരീസ് വനമേഖലയിൽ നിന്നാണ് ഏഴംഗ സംഘം മ്ലാവിനെ വെടിവച്ചിട്ടത്.
അന്ന് കേസിലെ അഞ്ചുപേരെ വനം വകുപ്പ് പിടികൂടിയിരുന്നു. രണ്ട് പേർ ഒളിവിൽപോയി. ഒളിവിലായിരുന്ന കേസിലെ ഒന്നാം പ്രതി പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി ഉവൈസുദീൻ, പെരിങ്ങമ്മല കുണ്ടാളംകുഴി സ്വദേശി എൽ. നന്ദു എന്നിവരെയാണ് റേഞ്ച് ഓഫിസർ എൽ. സുധീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതികളായ ഉവൈസുധീന്റെ മക്കളായ റാഷിദും റെനീസും നേരത്തെ പിടിയിലായിരുന്നു. ഇതേ സംഘത്തെ നേരത്തെ കേഴയെ വെടിവച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു.
ഇറച്ചി ശേഖരിച്ചു വിൽപന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. സെക്ഷൻ ഓഫിസർ ജെ. സന്തോഷ്, ബീറ്റ് ഓഫിസർമാരായ മെൽവിൻ, വിഘനേഷ് എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.