തേക്കിൻതടി കടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
text_fieldsകടത്താൻ ശ്രമിച്ച തേക്കിൻ തടികളും ലോറിയും കസ്റ്റഡിയിലെടുത്തപ്പോൾ
പാലോട്: വെമ്പായത്തുനിന്ന് തെങ്കാശിയിലേക്ക് മഹാഗണിത്തടികൾക്കിടയിൽ തേക്കിൻ തടികൾ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചവരെയും ലോറിയും പിടിയിലായി. തെങ്കാശി ജെ.വി.വി.ഡി കോളനിയിൽ പാക്കിയരാജ്, വെള്ളൂർ മുഖവൂർകരയിൽ സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. തടികടത്താൻ ഉപയോഗിച്ച ടോറസ് ലോറിയും കസ്റ്റഡിയിലെടുത്തു.
ഉരുളൻ തടികൾ വ്യാപകമായി തമിഴ്നാട്ടിലേക്ക് അനധികൃതമായി കടത്തുന്നതിനെതിരെ മിൽ ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പരിശോധന കർശനമാക്കിയിരുന്നു. നവംബർ 25നും പാലോട് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ തടികടത്ത് പിടികൂടിയിരുന്നു. ജി.എസ്.ടി പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷനുകൾ സ്വാധീനമുപയോഗിച്ച് സംഘടിപ്പിച്ച് ഗോഡൗണുകളിൽ തടികളില്ലാതെ തമിഴ്നാട്ടിൽ ഓരോ ലീഫിനും വൻ തുക ഈടാക്കി വിൽക്കുന്ന രീതിയാണ് നിലവിലുള്ളത്.
വ്യാജ ജി.എസ്.ടി ബില്ലും പി.എം.ആറും നൽകുന്ന തെന്മല, പത്തനാപുരം സ്വദേശികൾക്കെതിരെ അന്വേഷണം ശക്തമാക്കി. സ്വകാര്യഭൂമിയിൽ നിൽക്കുന്ന തേക്ക് മരങ്ങൾ മുറിക്കാനുള്ള പാസുകളും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. പാലോട് റേഞ്ച് ഓഫിസർ വിപിൻ ചന്ദ്രൻ, കുളത്തൂപ്പുഴ റേഞ്ച് ഓഫിസർ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പിടികൂടിയ പ്രതികളെയും വാഹനവും വനം കോടതിയിൽ ഹാജരാക്കി.


