അന്ന് മണ്ണിടിച്ചു മാറ്റി ഡിപ്പോ; ഇന്ന് വീടുകൾക്ക് ഭീഷണി
text_fieldsപാറശ്ശാല കെ.എസ്.ആര്.ടി.സി ഡിപ്പോക്കായി ഭൂമിയിലെ മണ്ണിടിച്ചു മാറ്റിയതുമൂലം വീട്
അപകടാവസ്ഥയിലായ നിലയില്‍
പാറശ്ശാല: കെ.എസ്.ആര്.ടി.സി ഡിപ്പോ നിർമിക്കാൻ 40 വർഷം മുമ്പ് മണ്ണിടിച്ച് മാറ്റിയതിനു സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലെന്ന് പരാതി. പാറശ്ശാല ഡിപ്പോ നിര്‍മിച്ചപ്പോൾ ഗ്രൗണ്ട് ലെവല്‍ ചെയ്യുവാന്‍ വേണ്ടി വീടുകളുടെയും സമീപത്തെ പാതയുടെയും അതിര്‍ത്തിയില്‍ നിന്ന് 20 അടി താഴ്ചയില്‍ മണ്ണിടിച്ചു മാറ്റിയിരുന്നു. വർഷങ്ങൾക്ക് ശേഷം പ്രദേശത്തെ വീടുകളുടെ അതിര് ഇടിഞ്ഞു തുടങ്ങി.
അതിരിനോട് ചേര്‍ന്ന സ്ഥലത്തെ വീടിനും കുളിമുറി ഉൾപ്പടെ അനുബന്ധ നിർമിതികൾക്കും കേടുപാടുണ്ടായി. എപ്പോള്‍ വേണമെങ്കിലും വീട് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഇതു വഴി യാത്രക്കാരും ബുദ്ധിമുട്ടുന്നു. മണ്ണ് ഇടിഞ്ഞിറങ്ങി വഴി തടസ്സപ്പെട്ട നിലയിലാണ്. ഡിപ്പോ നിർമിക്കാനായി മണ്ണെടുത്തപ്പോള്‍ സംരക്ഷണഭിത്തി കെട്ടാതിരുന്നത് മൂലം സമീപവാസികള്‍ ബുദ്ധിമുട്ടുകയാണ്.
ഒരു വർഷം മുമ്പ് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പ്രദേശവാസിയായ സനൽ രാജ്കുമാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടുകളുടെ ഭീഷണി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചു. വിഷയത്തിൽ കെ.എസ്.ആര്.ടി.സി എം.ഡിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പി.ഡബ്ല്യു.ഡി എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനം തുടർന്ന് അടിയന്തര നടപടിക്ക് കലക്ടര്‍ നിർദേശം നൽകിയിട്ടും കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ല. ഭൂമി നിലം പതിക്കാതിരിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.