ആഡംബര കാറില്‍ എം.ഡി.എം.എ കടത്തിയ യുവതിയടക്കം നാലുപേർ പിടിയിൽ
text_fieldsപിടിയിലായ മുഹമ്മദ് കല്‍ഫാന്‍, ആഷിക്, അല്‍ അമീന്,ഷെമി
പാറശ്ശാല: പാറശ്ശാലക്ക് സമീപം 175 ഗ്രാം എം.ഡി.എം.എ യുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ആഡംബര കാറിലെത്തിയ കൊട്ടാരക്കര സ്വദേശിയായ ഷെമി (32), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കല്‍ഫാന്‍ (24), ആഷിക് (20), അല്‍ അമീന് (23) എന്നിവരാണ് പിടിയിലായത്.
ഡാന്‍സാഫ് സംഘം ചെങ്കവിളയില്വെച്ച് കാറ് തടഞ്ഞാണ് ഇവരെ പിടികൂടിയത്. യുവതിയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്. ബെംഗളുരുവില്‍ നിന്ന് എം.ഡി.എം.എ വാങ്ങി കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.
ഈ സമയം ഡാന്‍സാഫ് സംഘം കാറിനെ പിന്തുടര്ന്നെങ്കിലും കാര്‍ ചെങ്കവിളയില്വെച്ച് ഇടറോഡില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍, കണിയാപുരം മേഖലയില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വില്പന നടത്തുന്നതാണ് യുവതിയുടെ രീതിയെന്ന് ഡാന്‍സാഫ് സംഘം അറിയിച്ചു.
റൂറല്‍ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഫയാസ്, റസല്‍ രാജ്, ദിലീപ്, രാജീവ്, പ്രേംകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പൂവാര്‍ സി.ഐ സുജിത്തിനാണ് അന്വേഷണ ചുമതല.


