ഓപറേഷന് തിയറ്ററിനുള്ളില്‍ ചിത്രം പകര്‍ത്തിയ സംഭവം; ആരോപണവിധേയനെതിരെ മുമ്പും പരാതി
text_fieldsപാറശ്ശാല: സര്‍ക്കാര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ഓപറേഷന് തിയേറ്ററിൽ താത്കാലിക ജീവനക്കാരന് രോഗിയുടെ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ജീവനക്കാരന് മുന്‍പും സമാനമായ കുറ്റകൃത്യം നടത്തിയതായി വെളിപ്പെടുത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് എക്സ്റേ വിഭാഗം ജീവനക്കാര്‍ നല്കിയ പരാതിയിലും ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കാതെ ജീവനക്കാരനെ സംരക്ഷിച്ചതായി ആക്ഷേപം. പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഓപറേഷന് തിയേറ്ററില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന താത്കാലിക ജീവനക്കാരനെതിരേയാണ് കൂടുതല്‍ വെളിപ്പെടുത്തലുകൾ.
ഓപറേഷന് തിയേറ്ററിനുള്ളിൽ ശസ്ത്രക്രിയ നടക്കുന്ന വേളയില്‍ സ്വകാര്യതയെ ബാധിക്കുന്നതരത്തില്‍ സ്ത്രീയുടെ ചിത്രം ഈ ജീവനക്കാരന് പകര്‍ത്തിയതായി ഹെഡ് നഴ്സും ഓര്‍ത്തോ സര്‍ജനും ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഈ ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ വന്നതോടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഈ ജീവനക്കാരന് രണ്ടുമാസംമുമ്പ് ആശുപത്രിയിലെ എക്സ്റേ വിഭാഗത്തില്‍ അനുമതിയില്ലാതെ കടന്നുവരുകയും രോഗിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയതായും ജീവനക്കാര്‍ പറഞ്ഞു. എക്സ്റേ വിഭാഗത്തിലെ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ല.
എക്സ്റേ വിഭാഗ ജീവനക്കാര്‍ പരാതിയില്‍ വീണ്ടും ഉറച്ചുനില്‍ക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെ താക്കീതില്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നുവത്രെ. രണ്ടുവര്‍ഷം മുന്നെ സിസേറിയന് കഴിഞ്ഞ ഉടനെ ഓപറേഷന് തിയേറ്ററിനുള്ളിൽ, കുട്ടിയുടെ ചിത്രം പകര്‍ത്തിയത് സംബന്ധിച്ച വിവരങ്ങള്‍ അന്നത്തെ ആശുപത്രി സൂപ്രണ്ടിന് ലഭിച്ചതിനെത്തുടര്‍ന്ന് ഈ ജീവനക്കാരനെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി.
അനധികൃതമായി രോഗികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതു സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ജീവനക്കാരനെ സംരക്ഷിക്കുന്ന ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.