ദുരൂഹത: സെലീനമ്മയുടെ കല്ലറ തുറന്ന് പരിശോധിച്ചു
text_fieldsആര്.ഡി.ഒയും സംഘവും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു, സെലീനമ്മ
പാറശ്ശാല: ധനുവച്ചപുരത്ത് സെലീനമ്മയുടെ കല്ലറ തുന്ന് പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി മകന് ആര്.ഡി.ഒ ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ധനുവച്ചപുരം വൈദ്യന്വിളാകത്ത് വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന സെലീനാമ്മയെ (75) കഴിഞ്ഞ പതിനേഴിനാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിനെട്ടാം തീയതി മണിവിളയിലെ പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തിയിരുന്നു. എന്നാല്‍ സെലീനാമ്മയുടെ ആഭരണങ്ങള്‍ കാണാനില്ലെന്നും, മൃതദേഹത്തില്‍ കണ്ടെത്തിയ ചില പാടുകളില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ച് മകന് രാജു പാറശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നായിരുന്നു കല്ലറ തുറന്ന് മുതദേഹ പരിശോധന നടത്താന്‍ ആര്.ഡി.ഒയുടെ ഉത്തരവ് ലഭിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെ മുന്‍ജീവനക്കാരി കൂടിയായിരുന്നു സെലീനാമ്മ. രാവിലെ 11 ഒാടെ പുല്ലന്തേരിയിലെ സെമിത്തേരിയിലെത്തിയ ആര്.ഡി.ഒയും സംഘവും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്.പി ഷാജി, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് കുമാര്‍, ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രാഥമിക പരിശോധനയില്‍ മരണത്തിൽ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം ഫലം വന്നാല്‍ മാത്രമേ വ്യക്തമായി പറയാന്‍ കഴിയൂ എന്നും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഷാജി പറഞ്ഞു.
സെമിത്തേരിക്ക് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ഫോറന്‍സിക് സര്ജന്മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മതാചാരപ്രകാരം മൃതദേഹം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിച്ചു.