നെയ്യാറ്റിൻകര കൃഷിഭവന് ശാപമോക്ഷം; പുതിയ കെട്ടിടത്തിന് സ്ഥലം അനുവദിച്ചു
text_fieldsനെയ്യാറ്റിന്‍കര കൃഷി ഓഫീസിന്റെ ഉള്‍ഭാഗം
പാറശ്ശാല: ആകെത്തകർന്ന നെയ്യാറ്റിൻകര കൃഷിഭവന് നീണ്ട കാത്തിരിപ്പിനു ശേഷം ശാപമോക്ഷം. പുതിയ കൃഷിഭവന്‍ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിച്ചു. വഴുതൂര്‍ പവിത്രാനന്ദപുരം കോളനിക്ക് സമീപമുള്ള നഗരസഭയുടെ 50 സെന്റ് വസ്തുവില്‍ 10 സെന്റ് ആണ് അനുവദിച്ചത്. ആര്‍.ഐ.ഡി.എഫ് പദ്ധതിക്ക് കീഴില്‍ നെയ്യാറ്റിന്‍കര കൃഷിഭവനെ സ്മാര്‍ട്ട് കൃഷി ഭവനാക്കി മാറ്റുന്നതിന് രണ്ടുകോടി ഫണ്ടും അനുവദിച്ചിരുന്നു. കൃഷിഭവന്‍ അടിയന്തരമായി പൊളിച്ച് ഹൈടെക്ക് കൃഷി ഭവനാക്കി മാറ്റണമെന്ന കൃഷിക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
ഭീകരമാണ് നൂറുകണക്കിന് കൃഷിക്കാര്‍ വന്നു പോകുന്ന നെയ്യാറ്റിന്‍കര കൃഷിഭവന്റെ നിലവിലെ അവസ്ഥ. ഓടുകള്‍ പൊട്ടി ചോര്‍ന്ന് ഒലിക്കുന്ന മേല്‍ക്കൂരയും ആലുവളർന്ന് പിളര്‍ന്ന് മാറിയ ചുവരുമാണ് കൃഷി ഭവന്റെ ഭൗതിക സാഹചര്യം. മഴയത്ത് ഫയലുകളും മറ്റത്യാവശ്യ സാധനങ്ങളും അതിനോടപ്പം സ്വന്തം ജീവനും രക്ഷിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ജീവനക്കാര്‍. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വെള്ളം ദിവസങ്ങളോളം തറയില്‍ കെട്ടിക്കിടക്കും. തൂത്തുകളയുകയോ ചണ ചാക്കുകള്‍ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുകയോ ആണ് പതിവ്.
ഓഫീസ് 15 വര്‍ഷം മുമ്പ് പുതിയ നഗരസഭ കെട്ടിടം നിർമിക്കുന്ന സമയത്താണ് മൃഗസംരക്ഷണ വകുപ്പിന്റെ പൊളിച്ച് മാറ്റാന്‍ തീരുമാനിച്ച കെട്ടിടത്തിലേക്ക് നെയ്യാറ്റിന്‍കര നഗരസഭ കൃഷി ഭവനെ മാറ്റിയത്. ദിവസേന 50 നും 75 നും ഇടക്ക് കര്‍ഷകര്‍ വരുന്ന കൃഷിഭവനില്‍ നില്‍ക്കാന്‍ പോലും സ്ഥലം ഇല്ല. മഴ പെയ്താല്‍ നനയാത്ത ഒരു മുറി പോലും നിലവിലില്ല. ഫയലുകളും ഉപകരണങ്ങളും പെട്ടെന്ന് നശിച്ചു പോകുന്ന ഒരു അവസ്ഥയാണ്. വികസന സമിതി കൂടാനായി നഗരസഭയെയാണ് ആശ്രയിക്കാറ്. വിത്ത്, വളം, തൈകള്‍ മുതലായവ സൂക്ഷിക്കാനുള്ള സ്ഥലമോ സൗകര്യങ്ങളോ നിലവിലില്ല.
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന കൃഷി ഭവന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസറും ഒരു കൃഷി അസിസ്റ്റന്റും ഒരു പി.ടി.എസുമാണ് നിലവിലുള്ളത്. ഒട്ടേറെ കര്‍ഷകര്‍ ആശ്രയിക്കുന്ന കൃഷി ഭവന്‍ ആണ് നെയ്യാറ്റിന്‍കരയിലേത്. നഗരസഭ കൃഷി ഭവന്‍. 70 ഹെക്ടർ സ്ഥലം നിലവില്‍ ഇവിടെ നെല്‍കൃഷിക്ക് അനുയോജ്യമായിട്ടുണ്ട്. പലയിടങ്ങളിലും നിലവില്‍ പഴം, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്തു വരുന്നു. അതുപോലെ തന്നെ 850 ഹെക്ടര്‍ സ്ഥലത്ത് വിവിധ കരകൃഷിയും ചെയ്തു വരുന്നു.


