സ്കൂള്‍ മതിലിനോട് ചേര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറികളുടെ പാർക്കിങ്; വിദ്യാർഥികൾക്ക് ഭീഷണിയെന്ന് പരാതി
text_fieldsസ്കൂള്‍ മതിലിനോടു ചേര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ്
പാറശ്ശാല: ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പാറശ്ശാല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ജനവാസ മേഖലയില്‍ പാ ചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് അപകടഭീഷണിയാകുന്നു. സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് പൊതുനിരത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് ഗ്യാസ് ഏജന്‍സിയുടെ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുന്നത്.
പാചകവാതകം നിറച്ച വാഹനങ്ങള്‍ വിതരണ കേന്ദ്രത്തിനുള്ളിലെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ എന്ന നിയമം നിലനില്‍ക്കെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമലംഘനം നടക്കുന്നത്. ഇതുമൂലം പ്രദേശവാസികളുടെ യാത്ര തടസ്സപ്പെടുന്നതിനൊപ്പം വലിയൊരു ദുരന്തസാധ്യതയും നിലനില്‍ക്കുന്നു. പോലീസിനും റവന്യൂ അധികൃതര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്ന്, വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി രക്ഷിതാക്കള്‍ ഇപ്പോള്‍ ബാലാവകാശ കമീഷനെ സമീപിച്ചിരിക്കുകയാണ്.


