വേദനക്ക് ചികിത്സ തേടിയ യുവതിയുടെ വയറിനുള്ളില്‍ റബര്‍ ബാൻഡ്
text_fieldsപാറശ്ശാല: വയറുവേദനക്ക് ചികിത്സ തേടിയ യുവതിയുടെ വയറിനുള്ളിൽ നിന്ന് റബർ ബാന്റുകൾ കണ്ടെത്തി. പാറശ്ശാല സരസ്വതി ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ 40 വയസുള്ള യുവതിയുടെ വയറില്‍ നിന്ന് റബര്‍ ബാന്റുകള്‍ കണ്ടെത്തിയത്. നാല് ദിവസമായി വേദനയും വയർ വീര്പ്പുമായാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
സ്കാനിങിൽ ചെറുകുടലില്‍ തടസ്സമാണെന്ന് കണ്ടതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ചെറുകുടലിനുള്ളിലെ മുഴ നീക്കാന്‍ തുടങ്ങിയപ്പോഴാണ്റബര് ബാന്‍ഡുകള്‍ ഒന്നിനോടൊന്ന് കൂടിച്ചേര്‍ന്ന് പന്തു പോലെയായി കണ്ടെത്തിയത്. മൊത്തം 41 റബര്‍ ബാന്‍ഡുകള്‍ ഉണ്ടായി രുന്നു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി ഇടയ്ക്കിടെ റബർ ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. റബര്‍ ബാന്‍ഡ് വിഴുങ്ങിയ അവസ്ഥയുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്ന് ആശുപത്രി മേധാവി ഡോ. എസ്.കെ. അജയകുമാര്‍ പറഞ്ഞു.