സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടിയൊഴുകുന്നു; ‘നിറവ്’ ഫ്ലാറ്റ് നിവാസികൾ നിത്യരോഗികൾ
text_fieldsമത്സ്യത്തൊഴിലാളികള്‍ക്ക് നല്കിയ ഫ്ലാറ്റ് പരിസരത്ത് സെപ്ടിക് ടാങ്ക് മാലിന്യം പൊട്ടിയൊഴികിയ നിലയില്‍
പാറശ്ശാല: കാരോട് ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കിയ ‘നിറവ്’ ഫ്ലാറ്റ് പരിസരത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടിയൊഴുകുന്നു. പ്രദേശവാസികള്‍ക്ക് ഛര്‍ദ്ദിയും അതിസാരവും വിട്ടുമാറുന്നില്ല. മൂന്നുവർഷമായി ദുരിതത്തിലാണ് പ്രദേശവാസികൾ.
മത്സ്യത്തൊഴിലാളികളെ പുനരധിവസിക്കുന്നതിനായി കാരോട് ഗ്രാമപഞ്ചായത്തിലെ കരക്കാട്ടില്‍ ഫിഷറീസ് വകുപ്പ് മുഖേനയാണ് ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. ഫ്ലാറ്റ് കൈമാറി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സെപ്റ്റിക് ടാങ്കിലെ മാലിന ജലം സമീപത്തെ പറമ്പുകളിലേക്ക് വ്യാപിച്ചുതുടങ്ങി. പ്രദേശത്തുനിന്ന് നിരവധി പേര് ദുര്‍ഗന്ധം സഹിക്കവയ്യാതെ താമസ മാറിപ്പോയി. അന്നു മുതല്ക്കേ പരാതികള്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് കൈമാറിയെങ്കിലും നടപടിയെടുത്തില്ല. ഇപ്പോള്‍ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഫ്ലാറ്റുകള്‍ക്കിടയിലെ തുറസായ സ്ഥലത്ത് കെട്ടിക്കിടക്കുകയാണ്. 126 ഫ്ലാറ്റുകളിലായി 800ഓളംപേരാണ് താമസിക്കുന്നത്. ഇവരിൽ പലരും മൂന്ന് മാസത്തിനിടെ വയറിളക്കവും മറ്റു രോഗങ്ങളും മഞ്ഞപ്പിത്തം ഉള്‍പ്പെടെ ബാധിച്ച് ചികിത്സതേടി. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. അടിയന്തരമായി സെപ്റ്റിക് മാലിന്യ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.