മലയോര പഞ്ചായത്തുകളിലെ മാലിന്യ നിര്‍മാര്‍ജനം പ്രഖ്യാപനത്തില്‍ മാത്രം
text_fieldsചെറുവാരക്കോണം ലോ കോളജിന് മുന്നിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ
പാറശ്ശാല: മാലിന്യമുക്ത പ്രഖ്യാപനം നടത്തിയ മലയോര പഞ്ചായത്തുകളിലെ പാതയോരങ്ങളിൽ മാലിന്യനിക്ഷേപം ദിനംപ്രതി കൂടുന്നു. മാലിന്യമുക്ത പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നതല്ലാതെ പ്രാവര്‍ത്തികമാകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും മാലിന്യമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികളും ഹരിതകര്‍മസേനയും മാലിന്യനീക്കം നടത്തുമെന്നായിരുന്നു തീരുമാനം. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിലൊഴികെ പ്രഖ്യാപനം നടപ്പിലായില്ല. പാതയോരങ്ങളിലെ മാലിന്യ നീക്കവും പലയിടത്തും നടപ്പായിട്ടില്ല.
മാലിന്യമുക്ത പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളിലെ പാതയോരങ്ങൾ ഭക്ഷണാവശിഷ്ടവും ഇറച്ചിക്കടകളില്‍നിന്നുള്ള മാലിന്യവും തള്ളിയ നിലയിലാണ്. പാറശ്ശാല മുതല്‍ വെള്ളറട വരെ നീളുന്ന അതിര്‍ത്തി മലയോരപാതയില്‍ പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അറവ്ശാലകളില്‍ നിന്നുള്ള മാലിന്യം പാതയോരങ്ങളിലും പൊതുഇടങ്ങളിലും തള്ളുന്നത് തുടരുകയാണ്.
പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലോ കോളജിനുസമീപത്തും പരശുവയ്ക്കലിലും പാതയോരത്ത് നിക്ഷേപിച്ചിട്ടുള്ള അറവുമാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും പല ഗ്രാമപഞ്ചായത്തധികൃതരും ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല. കുളത്തൂര്‍ പഞ്ചായത്തില്‍ പൊഴിക്കര ഭാഗത്തും മാലിന്യനിക്ഷേപമുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നതിന് പ്രധാന കാരണം. ഭക്ഷ്യ, മാംസ അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടി രാത്രിയില്‍ പൊതുഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിനുള്ള കാരണവും ഇതാണ്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വിവാഹ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ തെരുവ്നായ്കളും പക്ഷികളും കൊത്തിവലിച്ച് റോഡിലും കിണറുകളിലും മറ്റും ഇടുന്നത് കാരണം പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
വെള്ളറട കുന്നത്തുകാല്‍ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം കാണാം. ഒരു ഘട്ടത്തില്‍ പ്രതികളെ കണ്ടെത്തുന്നതിന് കാമറ സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കാമറ ദൃശ്യങ്ങളില്‍ പെടാതെ തൊട്ടടുത്തു തന്നെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് പുതിയ രീതി. വെള്ളറടയിലെ ആറാട്ടുകുഴി കടുക്കറ റോഡില്മ മുതുവാന്കോണം മുതല്‍ കടുക്കറവരെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്.കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ വണ്ടിത്തടം റോഡിലും കട്ടച്ചല്വിള കോട്ടുക്കോണം റോഡിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപവുമാണ് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നത്.
അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ കുടപ്പനമൂട് -നെടുമങ്ങാട് റോഡിലെ വാഴിച്ചലിനുസമീപവും മാലിന്യ നിക്ഷേപം കാണാം. പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്ന പരിഹാരമാകും.തെരുവ് നായ്കളുടെ വര്‍ധനവിനും പകര്‍ച്ച വ്യാധി ഭീഷണിക്കും ഇടയാക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.