മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം അറസ്റ്റില്‍
text_fieldsപ്രതികളായ സണ്ണി , പ്രതീഷ്കുമാര്‍ , ഷെജിന്‍ , സ്മിജു സണ്ണി, അഖില്‍ ക്ലീറ്റസ്
പേരൂര്‍ക്കട: മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 14ന് ലഭിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വഴയില സ്വദേശി പ്രതീഷ് കുമാർ, കൂട്ടാളി അമ്പലംമുക്ക് എന്‍.സി.സി റോഡ് സ്വദേശി ഷെജിന്‍ (ജിത്തു) എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്.
റാക്കറ്റിലെ കണ്ണികളും വ്യാജ സ്വര്‍ണം ഇവര്‍ക്ക് നല്കിയ പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു സണ്ണി, സണ്ണി എന്നിവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതില്‍ കേരളം മുഴുവന്‍ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം വിതരണം നടത്തിയ സംഘത്തിലെ തലവനായ അഖില്‍ ക്ലീറ്റസ് എന്നയാളെ ചാലക്കുടിയില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
അപ്രൈസര്‍ ഉരച്ചുനോക്കിയാല്‍ പെട്ടന്ന് മനസ്സിലാകാത്ത തരത്തില്‍ അതിവിദഗ്ധമായി സ്വര്‍ണം പൂശിയ നിലയിലാണ് ആഭരണങ്ങള്‍. അഖില്‍ ക്ലീറ്റസ് കൊലപാതക കേസിലും എന്‍ഡി.പി.എസ് കേസുകളിലും നിരവധി തട്ടിപ്പ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സ്മിജു സണ്ണി നിരവധി വഞ്ചന കേസുകളിലും പ്രതിയാണ്. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഫറാഷിന്റെ നിര്‍ദേശ പ്രകാരം കന്റോന്‍മെന്റ് എ.സി.പി സ്റ്റിവെര്ട്ട് കീലറിന്റെ മേല്‍നോട്ടത്തില്‍ പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷ്, എസ്.ഐ ജഗമോഹന്‍ ദത്തന്, ഗ്രേഡ് എസ്.ഐ മനോജ്, എസ്.സി.പി.ഒമാരായ അനീഷ്, അജിത്ത്, സി.പി.ഒമാരായ അരുണ്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.