മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതി ചാടിപ്പോയ സംഭവം; അന്വേഷണം വിപുലമാക്കി
text_fieldsബിനു മതില്‍ചാടിക്കടന്ന് ബൈക്കില്‍ പോകുന്നതിന്റെ സി.സി ടി.വി ദൃശ്യം
പേരൂര്‍ക്കട: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് മോഷണക്കേസിലെ പ്രതി ചാടിപ്പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം ചവറ സ്വദേശി ബിനുവാണ് കഴിഞ്ഞദിവസം രാവിലെ മതില് ചാടിക്കടന്ന് രക്ഷപ്പെട്ടത്.
ബൈക്ക് മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിനു ജയിലില്‍ മനോവിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, കഴിഞ്ഞദിവസം രാവിലെ കുളിക്കാനായി ജയില്‍ ജീവനക്കാര്‍ മറ്റ് തടവുപുളളികള്ക്കൊപ്പം ബിനുവിനെയും സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ ഇയാള്‍ ജയില്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതില് ചാടി രക്ഷപ്പെടുകയായിരുന്നെന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു. കുളിക്കാനായി ഉടുത്ത തോര്ത്ത്മുണ്ടുമാത്രമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.
അര്‍ധനഗ്നനായി മതില് ചാടിക്കടന്ന ബിനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ബിനുവിന്റെ പേരില്‍ നിരവധി ബൈക്ക് മോഷണക്കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
വാഹന മെക്കാനിക്കായതിനാല് ഇയാള്‍ക്ക് ചാവിയില്ലാതെ ഏതു വാഹനവും എളുപ്പത്തില്‍ സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ബിനു മതില് ചാടിക്കടന്ന് ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ നല്കിയ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.