ഒന്നിച്ച് നടത്തം; മരണത്തിലും അവര്‍ ഒത്തുചേര്‍ന്നു
text_fieldsപേരൂർക്കട വഴയിലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാർ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു
പേരൂര്‍ക്കട: ഏറെ നാളത്തെ സൗഹൃദം മരണത്തിലും അവര്‍ കാത്തുസൂക്ഷിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ന് പേരൂര്‍ക്കട-നെടുമങ്ങാട് ഹൈവേയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം പ്രഭാത സവാരിക്കിടെ വഴയില രാധാകൃഷ്ണ ലെയിന്‍ ഹൗസ് നമ്പര്‍ 60 ശ്രീപത്മത്തില്‍ വിജയന്‍പിളള (69), പേരൂര്‍ക്കട വഴയില ഹരിദീപത്തില്‍ ഹരിദാസ് (69) എന്നിവരെയാണ് ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ ആന്ധ്ര സ്വദേശികളുടെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുവീഴ്ത്തിയത്.
ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡിന് സമീപത്തെ താഴ്ന്ന ഭാഗത്തക്ക് വീഴുകയായിരുന്നു. സംഭവശേഷം വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. സംഭവം നടന്ന് ഏറെ കഴിഞ്ഞ് വെളിച്ചം വന്ന ശേഷമാണ് കുഴിയില്‍ രണ്ടു പേര് കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ രണ്ടു പേരെയും പേരൂര്‍ക്കട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവം നടന്ന സമയം ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രണ്ടു പേരുടെയും ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവരും പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയവരാണ്. മരിച്ച ഹരിദാസ് ബേക്കറി നടത്തിവരുന്നു.
മിക്ക ദിവസങ്ങളിലും ഇരുവരും ഒരുമിച്ചാണ് പുലര്‍ച്ചെ നടക്കാനായി ഇറങ്ങുന്നത്. സംഭവദിവസവും പതിവുപോലെ അവര്‍ ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുമ്പോഴായിരുന്നു അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. മരണത്തിലും അവര്‍ രണ്ടു പേരും ഒരുമിക്കുകയായിരുന്നു, വേര്പിരിയതെ.