ഗുളികയിൽ മൊട്ടുസൂചി: പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പ്
text_fieldsനെടുമങ്ങാട്: വിതുര താലൂക്കാശുപത്രിയിലെ ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അേന്വഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.ജി.പിക്ക് പരാതി നൽകി. പരാതി വ്യാജമെന്ന് മെഡിക്കല്‍ ഡയറക്ടറേറ്റ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സംശയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയെ ആരോ സ്വാധീനിച്ചതാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച പരാതിക്കാരിയെയും ബന്ധുക്കളെയും വിതുര പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട്.
ഫാര്‍മസിയില്‍നിന്ന് വാങ്ങിയ അമോക്സിലിന്‍ എന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഗുളികക്കുള്ളിൽ മൊട്ടുസൂചി ഉണ്ടായിരുന്നെന്നാണ് പരാതിക്കാരിയായ വസന്ത പറഞ്ഞത്. ആശുപത്രി ഫാർമസിയിൽനിന്ന് ലഭിച്ച ഗുളികകളിൽ രണ്ടെണ്ണം കഴിച്ചെന്നും പിന്നീടുള്ള മൂന്ന് ഗുളികകൾ പൊളിച്ചുനോക്കിയപ്പോള്‍ അതില്‍ മൊട്ടുസൂചി ഉണ്ടായിരുന്നുന്നെന്നുമായിരുന്നു പരാതി.
എന്നാല്‍ ഇവരെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോള്‍ വയറിനുള്ളില്‍ മൊട്ടുസൂചി കണ്ടെത്തിയതുമില്ല. വസന്തക്ക് നല്കിയ ഗുളികയോടൊപ്പമുണ്ടായിരുന്ന ഫാര്‍മസിയിലെ മറ്റ് ഗുളികകളെല്ലാം പരിശോധിച്ചതിൽ ഒന്നിലും മൊട്ടുസൂചി കണ്ടെത്താനായില്ല. ഇതില്‍നിന്നാണ് പരാതി വ്യാജമെന്ന നിഗമനത്തില്‍ എത്തിയത്. ഹെല്‍ത്ത് സര്‍വിസ് അഡീഷനല്‍ ഡയറക്ടര്‍ ഡോ.കെ.എസ്. ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നല്കിയതും വസന്തയില്‍നിന്ന് മൊഴിയെടുത്തതും.