ഇടതിന്റെ ഫയർബ്രാൻഡ് പിണറായി; ഭരണം കിട്ടിയാൽ മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിണറായി വിജയൻ നയിക്കുമെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കൂടിയാണ് സി.പി.എം ഉയർത്തിക്കാട്ടിയത്. മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി തന്നെയെന്നാണ് ജനറൽ സെക്രട്ടറി എം.എ. ബേബി പി.ബി യോഗശേഷം മാധ്യമങ്ങളോട് പറയാതെപറഞ്ഞത്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ചൂണ്ടിക്കാട്ടി കേരളത്തിന് വനിത മുഖ്യമന്ത്രി വേണമെന്നനിലയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ പ്രചാരണങ്ങളെ പാർട്ടി തള്ളി. അതേസമയം ശൈലജ പോർക്കളത്തിലുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പ് നയിക്കാൻ മറ്റാരെ മുൻനിർത്തിയാലും പിണറായിയോളമാകില്ലെന്ന് സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണം പിണറായി നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയ സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ആ നിലക്കുള്ള സമ്മർദം സംസ്ഥാനഘടകം മുറുക്കുകകൂടി ചെയ്തതോടെയാണ് ജനറൽ സെക്രട്ടറിതന്നെ പിണറായിയുടെ പേര് പ്രഖ്യാപിച്ചത്.
പാർട്ടി സ്ഥാനാർഥികൾ ആരൊക്കെ, സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും സംസ്ഥാന കമ്മിറ്റിയിൽനിന്നും ജില്ല, പ്രാദേശിക ഘടകങ്ങളിൽനിന്നും ആരൊക്കെ മത്സരിക്കണം, ആരെല്ലാം മാറിനിൽക്കണം എന്നെല്ലാമുള്ള തീരുമാനത്തിലെ ചാലക ശക്തി പിണറായിയായിരിക്കും. പാർട്ടി സ്ഥാനാർഥികൾക്ക് ജയിക്കാൻ കഴിയാത്ത മണ്ഡലങ്ങളിൽ ആരെയൊക്കെ സ്വതന്ത്രരായി രംഗത്തിറക്കണമെന്നതിലും പിണറായിയുടെ വാക്കിനാകും വില.
പ്രതിപക്ഷ നേതാവായിരിക്കേ അഴിമതി, പെൺവാണിഭം, പരിസ്ഥിതി വിഷയങ്ങളിൽ കൂടിയാലോന നടത്താതെ പാർട്ടിക്ക് മുന്നിൽ നടന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് 2006ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നിഷേധിച്ചത്. പാർട്ടിക്ക് മേലേ ആരുമില്ലെന്ന വാദത്തിന് ഇതോടെ ബലമായെങ്കിലും തുടർഭരണത്തോടെ പിണറായി പാർട്ടിക്ക് മുകളിലേക്കുയർന്നു. രണ്ടാം ടേമിൽ മന്ത്രിമാരെ മുഴുവൻ മാറ്റിയ തീരുമാനം പിണറായിയുടേതായിരുന്നു. സംഘടനാരംഗത്ത് 75 വയസ് പ്രായപരിധിയിൽ ഇളവ് ലഭിച്ചതും പിണായിക്ക് മാത്രം. സി.പി.എം എറണാകുളം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രവർത്തന റിപ്പോർട്ടിനൊപ്പം, പതിവിന് വിപരീതമായി ‘നവ കേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ രേഖയും കൊല്ലം സമ്മേളനത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവർത്തന റിപ്പോർട്ടിനൊപ്പം, മൂന്നാം ഇടതു സർക്കാറിനുള്ള പ്രവർത്തന രേഖയെന്നോണം ‘നവകേരളത്തിനുള്ള പുതുവഴികൾ’ രേഖയും അവതരിപ്പിക്കാനും പിണറായിക്ക് പാർട്ടി അവസരം നൽകി.


