പി.എം ശ്രീ; സ്കൂൾ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലൂടെ
text_fieldsതിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം വൈകാതെ സ്കൂളുകൾ തെരഞ്ഞെടുക്കുന്ന നടപടികളിലേക്ക് കടക്കും. മൂന്ന് ഘട്ടങ്ങളിലൂടെയാണ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്. ഒന്നാംഘട്ട നടപടികളിൽ ഉൾപ്പെട്ടതാണ് ധാരണാപത്രം ഒപ്പിടൽ. ചലഞ്ച് മാതൃകയിൽ മത്സരാധിഷ്ഠിതമായിട്ടാകും സ്കൂൾ തെരഞ്ഞെടുപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വിദ്യാഭ്യാസ മാനേജ്മെന്റ് ഇൻഫർമേഷൻ സംവിധാനമായ യൂനിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജൂക്കേഷൻ പ്ലസ് (യൂഡയസ് പ്ലസ്) ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാകും തെരഞ്ഞെടുപ്പ്.
സ്കൂളിന് നല്ല നിലയിലുള്ള സ്വന്തം കെട്ടിടം, റാമ്പ് ഉൾപ്പെടെ തടസ്സരഹിതമായ പ്രവേശനം, സുരക്ഷ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, കൈകഴുകാനുള്ള സൗകര്യം, അധ്യാപകർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പ്രവർത്തനക്ഷമമായ വൈദ്യുതി സൗകര്യം, ലൈബ്രറി/ ലൈബ്രറി കോർണർ/ കായിക ഉപകരണങ്ങൾ എന്നിവ പരിഗണന ഘടകങ്ങളായിരിക്കും. ഓൺലൈൻ ചലഞ്ച് പോർട്ടലിൽ സ്കൂളുകൾ സ്വന്തം നിലക്കാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയിലെ അവകാശവാദങ്ങൾ പരിശോധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് സ്കൂളുകളുടെ പട്ടിക ശിപാർശ ചെയ്യും. പി.എം ശ്രീ സ്കൂളുകളുടെ നിരീക്ഷണത്തിനായി ജിയോ-ടാഗിങ് നടത്തും. ഇതിനായി ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫോർമാറ്റിക്സിന്റെ സേവനങ്ങൾ സ്വീകരിക്കും. ഒരു േബ്ലാക്കിൽ പരമാവധി രണ്ട് സ്കൂളുകളെയായിരിക്കും തെരഞ്ഞെടുക്കുക.


