‘സ്നേഹത്തോടെ തരുവാ, നിങ്ങൾ എടുത്തോളൂ...’; തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്
text_fieldsപൊലീസിന്റെ മുന്നറിയിപ്പ് പോസ്റ്റർ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകമാകുന്നെന്ന് പൊലീസ്. കസ്റ്റംസിന്റെയോ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥന്റെയോ പേരില്‍ ഫോണ്‍ കോള്‍ വരുമെന്നും അതില്‍ വീണുപോകരുതെന്നുമാണ് കേരള പൊലീസ് ഫേസ്ബുക് പേജിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലായ ശേഷം അവർ ധനികരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കും. തുടർന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും അത് പാക്ക് ചെയ്ത് നിങ്ങളുടെ വിലാസം എഴുതിവെച്ചതിന്റെയും ഫോട്ടോ അയച്ചുനൽകും. പിന്നീട് കസ്റ്റംസിന്റെയോ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥന്റെയോ പേരിൽ ഫോൺ കാൾ വരും.
നിങ്ങളുടെ പേരിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ പാർസലായി എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് വിളിക്കുന്നവർ പറയുക. അജ്ഞാത സുഹൃത്ത് അയച്ച സമ്മാനത്തിന്റെ മൂല്യം ഓർത്ത് കണ്ണ് മഞ്ഞളിച്ചോ, ഭയന്നോ ഒരിക്കലും പണം നൽകരുതെന്നും തട്ടിപ്പാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.