പെട്രോള്‍ പമ്പില്‍ അടിപിടി; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsശരത് ചന്ദ്രന് , ലമീര്ഖാന്
പൂന്തുറ: മുട്ടത്തറ പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസം അടിപിടികൂടിയ രണ്ടുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന് (39), പൂന്തുറ ബീമാപള്ളി സ്വദേശി ലമീര്ഖാന് (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30ഓടുകൂടി മുട്ടത്തറയിലുള്ള പെട്രോള്‍ പമ്പിലാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ പോയത്.
സ്കൂട്ടറില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ ബീമാപള്ളി സ്വദേശി ലമീര്‍ ഖാനും ഇയാളുടെ സുഹൃത്തും പെട്രാള്‍ അടിച്ച ശേഷം സ്കൂട്ടറില്‍ കാറ്റ് നിറയ്ക്കുന്നതിനു വേണ്ടി പമ്പിലെ ജീവനക്കാരനെ സമീപിക്കുകയായിരുന്നു. ഈ സമയം ജീവനക്കാരന് പറഞ്ഞു രാത്രി കാറ്റ് അടിക്കാന്‍ കഴിയില്ലായെന്നും പിറ്റേദിവസം പകല്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം നടക്കവേ ആലപ്പുഴയില്‍നിന്ന് എല്‍.പി.ജി സിലിണ്ടറുമായി ഇന്ധനം നിറക്കാനെത്തിയ ലോറിയിലെ ഡ്രൈവറായ ശരത്ത് ചന്ദ്രന് പമ്പിലെ ജീവനക്കാരന്റെ ഭാഗം ചേരുകയും രാത്രി എട്ട് കഴിഞ്ഞാല്‍ ഒരു പമ്പിലും എയര്‍ നിറയ്ക്കില്ലായെന്നും പറയുകയായിരുന്നു.
ഇതോടെ ലമീര്‍ ഖാന് നീയാരാ പമ്പിലെ മാനേജരാണോ എന്ന് ചോദിച്ച് ശരത്ത് ചന്ദ്രനെ അടിക്കുകയായിരുന്നു. ശേഷം ശരത്ത് ചന്ദ്രന് സമീപത്തുണ്ടായിരുന്ന ടൈയിലിന്റെ കഷണംകൊണ്ട് ലമീര്ഖാന്റെ തലയ്ക്കടിച്ചു. ശേഷം ലമീര്‍ ഖാന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ശരത്ത് ചന്ദ്രനെ മർദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.