തട്ടുകട അടിച്ചുതകര്‍ത്ത കേസില്‍ പിതാവും മകനും അറസ്റ്റില്‍
text_fieldsനിസാമുദ്ദീന്‍
പൂന്തുറ: പൂന്തുറ എസ്.എം ലോക്ക് ജങ്ഷനില്‍ തട്ടുകട അടിച്ചുതകര്‍ത്ത സംഭവത്തില്‍ പിതാവിനെയും മകനെയും പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ പുത്തന്‍പള്ളി വാര്‍ഡില്‍ പള്ളിപ്പുര മുടുക്കില്‍ ടി.സി- 46 /107 ല്‍ നിസാമുദ്ദീന്‍ (46), സുധീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം. മുട്ടത്തറ വില്ലേജില്‍ മാണിക്കവിളാകം വാര്‍ഡില്‍ കണ്ടക്കാവിള അനുഗ്രഹ നഗറില്‍ ടി.സി-46 / 901 (2)-ല്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് പൂന്തുറ എസ്.എം ലോക്ക് ജങ്ഷനില്‍ നടത്തിവന്ന തട്ടുകടയാണ് പ്രതികള്‍ അടിച്ചുതകര്‍ത്തത്.
കടക്കുള്ളിലുണ്ടായിരുന്ന കണ്ണാടിയില്‍ നിര്‍മിച്ച പെട്ടി രണ്ടാളും ചേര്‍ന്ന് അടിച്ചുപൊട്ടിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ കടയുടമയെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മുന്‍വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം.