പൂന്തുറയില്‍ മത്സ്യത്തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു
text_fieldsഅറസ്റ്റിലായ ലൂക്കോസ്, സജീവ്
പൂന്തുറ: പൂന്തുറ ചേരിയാമുട്ടം കടപ്പുറത്തിന് സമീപം മത്സ്യത്തൊഴിലാളികള്‍ തമ്മിലെ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് തലക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ചേരിയാമുട്ടം ടി.സി -69 / 1163 ല്‍ ലൂക്കോസ് (32), പൂന്തുറ ഐ.ഡി.പി കോളനി ജോണ്‍പോള്‍ സെക്കന്‍ഡ് നഗര്‍ ടി.സി -47ല്‍ സജീവ് (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 9.45 ഓടെ ചേരിയാമുട്ടത്തിനു സമീപം നില്‍ക്കുകയായിരുന്ന പൂന്തുറ ആറ്റിന്‍പുറം ടി.സി -47 /1076ല്‍ സെല്‍വനുമായി പ്രതികളായ സജീവും ലൂക്കോസും വാക്കേറ്റമുണ്ടാകുകയും ഇരുവരും ചേര്‍ന്ന് സെല്‍വനെ വെട്ടിപ്പരിക്കേല്പ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തലക്ക് സാരമായി പരിക്കേറ്റ സെല്‍വനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ വള്ളം ഇറക്കുന്നതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സെല്വന് നല്കിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, സുധീര്‍, മണികണ്ഠന്, എ.എസ്.ഐ ലജന്, എസ്.സി.പി.ഒ സജി എന്നവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.