മാണിക്കവിളാകത്ത് വെള്ളക്കെട്ട് ; എഴുപതോളം കുടുംബങ്ങള്‍ ദുരിതത്തിൽ
text_fieldsതോരാതെ പെയ്യുന്ന മഴയില്‍ പൂന്തുറ മാണിക്കവിളാകം വാര്‍ഡിലെ ആലുക്കാട് പ്രദേശത്തുണ്ടായ വെള്ളക്കെട്ട്
പൂന്തുറ: പൂന്തുറ മാണിക്കവിളാകം വാര്‍ഡിലെ എഴുപതോളം കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞു. കോര്‍പറേഷന്റെ അശാസ്ത്രീയമായ ഓട നിര്‍മാണമാണ് ദുരിതകാരണം. പൊലീസ് ക്വാര്‍ട്ടേഴ്സിന് പിറകുവശത്തുള്ള വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഓട നിര്‍മിച്ചെങ്കിലും ശക്തമായ മഴയിലെ വെള്ളക്കെട്ടിന് ശമനമില്ലെന്നാണ് മാണിക്കവിളാകം, ആലുക്കാട് പ്രദേശവാസികളുടെ പരാതി.
അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയതായും ഇവർ പറയുന്നു. മാത്രമല്ല ഈ ഓടയിലേക്ക് ഒരുതുള്ളി വെള്ളം പോലും പോകുന്നില്ലെന്നും പറയുന്നു. ഓട നിര്‍മാണത്തിനുമുമ്പ് എത്ര ശക്തമായ മഴയിലും രണ്ടുദിവസം കൊണ്ട് വെള്ളമിറങ്ങിയിരുന്നു. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ വയോജനങ്ങള്‍ക്ക് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്.
നിലവിലെ കൗണ്‍സില്‍ ആറുമാസം മുമ്പാണ് രണ്ടാമതായി ഓട നിര്‍മിച്ചത്. വെള്ളക്കെട്ട് കാരണം പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നതായും പറയുന്നു. കുടിവെള്ള പൈപ്പ് ലൈന്‍ മലിനജലം ഒഴുകുന്ന ഓടവഴി കൊണ്ടുപോയതും അപകടസാധ്യത വർധിപ്പിക്കുന്നു. കുടിവെള്ള പൈപ്പില്‍ വിള്ളൽ സംഭവിച്ചാല്‍ വെള്ളത്തില്‍ മലിനജലം കലരും.
ആലുക്കാട് െറസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജയരാമന് വാട്ടര്‍ അതോറിറ്റി ഓഫിസിലെ എ.ഇക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് കോര്‍പറേഷന്റെ ഫോര്‍ട്ട് സോണല്‍ ഓഫിസിലെ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയെങ്കിലും എ.ഇ യെ കണ്ടാല്‍ മതിയെന്നുപറഞ്ഞ് മടക്കുകയായിരുന്നത്രെ. പ്രദേശവാസികള്‍ എം.പിക്ക് പരാതി നല്കിയ പരാതി കോര്പറേഷന് ഫോര്‍വേഡ് ചെയ്തതായും പറയുന്നു.
വിഷയത്തില്‍ എത്രയും വേഗം നടപടിയുണ്ടായില്ലെങ്കില്‍ മുഴുവന്‍ വീട്ടുകാരും ചേര്‍ന്ന് ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.