സർവിസ് റോഡിൽ കുഴികൾ, അടിപ്പാതയിൽ വെള്ളക്കെട്ട്; അപകടക്കെണിയായി തട്ടുപാലം
text_fieldsതട്ടുപാലം ജങ്ഷനിലെ അടിപ്പാതയിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നു
കല്ലമ്പലം: തകർന്ന് കുഴികൾ രൂപപ്പെട്ട സർവിസ് റോഡ്, ചളിവെള്ളക്കെട്ടായി അടിപ്പാത. തട്ടുപാലം ജങ്ഷൻ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ദേശീയപാത പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതിലൂടെ നിരന്തരം അപകടങ്ങളുടെ വേദിയാവുകയാണ് തട്ടുപാലം ജങ്ഷൻ. സർവിസ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. കുറഞ്ഞ സ്ഥലം വലിയ രീതിയിൽ തകർന്നുകിടക്കുന്നതാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. നല്ല റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ പെട്ടെന്ന് കുഴികളിൽപ്പെട്ട് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിൽ ഇരിക്കുകയാണ്. വാഹനം പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ മുന്നിലെ വാഹനത്തിൽ ഇടിക്കുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്.
പള്ളിക്കൽ, ഞാറയിൽക്കോണം മേഖലകളിലേക്കുള്ള റോഡ് വന്നുചേരുന്നത് ഇവിടെയാണ്. അടിപ്പാതയിലൂടെ വേണം വാഹനങ്ങൾ ഈ റോഡിലേക്ക് കടന്നു പോകാൻ. അടിപ്പാത പൂർണമായി ചളിക്കെട്ടാണ്.
അതിലൂടെ കടന്നുപോവുക അതിലേറെ ദുഷ്കരവും. ഇരുചക്രവാഹനങ്ങൾ ചളിയിൽ തെന്നിമറിയുന്നത് പതിവാണ്. റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ മേഖലയിൽ വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല. ഇരുട്ടിൽ പതിയിരിക്കുന്ന അപകടം യാത്രക്കാർ അറിയുന്നുമില്ല. ഒരുമാസം മുമ്പ് പുലർച്ച ഇവിടെ സ്വകാര്യ ടൂറിസ്റ്റ് ബസ് മറിഞ്ഞിരുന്നു. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.


