വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ പരിശോധന; തിരുവനന്തപുരത്ത് നിരക്ക് കുറച്ചില്ല
text_fieldsശംഖുംമുഖം: വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികളെ റാപിഡ് പി.സി.ആർ പരിശോധനയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത് അമിത തുക. സംസ്ഥാനത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ കഴിഞ്ഞ ദിവസം ആര്.ടി.പി.ആര് പരിശോധന നിരക്ക് കുറച്ചെങ്കിലും അദാനിക്ക് നടത്തിപ്പ് ചുമതലയുള്ള തിരുവനന്തപുരത്ത് ഉയർന്ന നിരക്ക് തുടരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2490 രൂപയായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസം ഇത് 1580 രൂപയായി കുറക്കുകയും കഴിഞ്ഞ ദിവസം മുതല്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരിൽനിന്ന് റാപിഡ് പി.സി.ആർ പരിശോധനയുടെ പേരില്‍ കൂടിയ നിരക്കാണ് ഈടാക്കിവരുന്നതെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. കരിപ്പൂരില്‍ 2490 രൂപ ഈടാക്കിയിരുന്നപ്പോഴും തിരുവനന്തപുരം വിമാനത്താവളത്തില്‍ നേരത്തേ ഈടാക്കിയിരുന്നത് 3400 രൂപയാണ്. ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായതിനെ തുടർന്ന് 2500 രൂപയായി കുറച്ചെങ്കിലും യാത്രക്കാരിൽ നിന്ന് തോന്നുംപടിയാണ് ഇവിടെ പണം ഇൗടാക്കുന്നത്.
ചില യാത്രക്കാരിൽനിന്ന് 3000 രൂപ വരെ ഇൗടാക്കിയെന്ന് പരാതിയുണ്ട്. ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആർ പരിശോധന നടത്തേണ്ടത്. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ യാത്രക്കാര്‍ പോകുന്നതും ദുബൈയിലേക്കാണ്. മറ്റു വിമാനത്താവളങ്ങളില്‍നിന്ന് വ്യത്യസ്തമായി ടിക്കറ്റിനൊപ്പം 950 രൂപ യൂസേഴ്സ് ഫീ കൂടി നൽകി പോകേണ്ടിവരുന്ന യാത്രക്കാരാണ് റാപിഡ് പി.സി.ആറിെൻറ പേരില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുന്നത്. വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധനക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ല. ഇതിെൻറ മറവിലാണ് യാത്രക്കാരെ തോന്നും പോലെ വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആര് പരിശോധനക്ക് കരാര്‍ നേടിയ ഏജന്‍സി നിരക്ക് ഈടാക്കുന്നത്.
അമിതനിരക്ക് ചോദ്യം ചെയ്താൽ യാത്രമുടങ്ങുമോ എന്ന ഭയത്തില്‍ യാത്രക്കാർ ചോദിക്കുന്ന പണം നൽകി പോവുന്ന സാഹചര്യമാണ്. നിലവില്‍ സംസ്ഥാനത്തെ മറ്റുവിമാനത്താവളങ്ങളില്‍നിന്ന് ഇരട്ടിയിലധികം ടിക്കറ്റ് നിരക്കാണ് തിരുവനന്തപുരത്തുനിന്ന് പറക്കാന്‍ എയര്‍ലൈന്‍സുകള്‍ ഈടാക്കുന്നത്്. ഇതിനു പുറമെ വിമാനത്താവളത്തിലെത്തുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആര്.ടി.പി.സി.ആര് പരിശോധന നടത്തിയിരിക്കണം. അതിന് 500 രൂപയാണ് ചെലവ്. ഇത് കഴിഞ്ഞാണ് നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തി റാപിഡ് പി.സി.ആർ പരിശോധന നടത്തേണ്ടത്.