നഗരവാസികൾ കാത്തിരിക്കുന്നു; ഗാന്ധിപാർക്കിന്റെ നവീകരണത്തിനായി
text_fieldsനവീകരണ ജോലികൾ പുരോഗമിക്കുന്ന ഗാന്ധിപാർക്ക്
തിരുവനന്തപുരം: പണിഞ്ഞിട്ടും പണിഞ്ഞിട്ടും തീരാതെ കിഴക്കേകോട്ടയിലെ ഗാന്ധിപാർക്ക്. കഴിഞ്ഞ ഏപ്രിലിലാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പാർക്കിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടുമാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കി ജൂണിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, നാലുമാസമായിട്ടും നവീകരണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനവും അനുവദിക്കുന്നില്ല. 1.8 കോടി ചെലവിട്ടാണ് പാർക്ക് മുഖംമിനുക്കുന്നത്. ആഗസ്റ്റ് 15ന് നവീകരണത്തിന്റെ ആദ്യഘട്ടവും ആഗസ്റ്റ് അവസാനത്തോടെ അവസാനഘട്ടവും പൂർത്തിയാക്കുമെന്നുമാണ് അധികൃതർ പറയുന്നത്. നിലവിൽ പാത്ത് വേയുടെയും എക്സിബിഷൻ കോർണറിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറയുന്നു.
തകർന്ന് ശോച്യാവസ്ഥയിലായ പഴയ മതിൽ പൊളിച്ചുമാറ്റി പുതിയ മതിൽ നാലടിപൊക്കത്തിലാണ് നിർമിക്കുന്നത്. ഇതിനെതിരെ ചില കോണുകളിൽ പ്രതിഷേധം ഉയരുന്നുണ്ട്. ആ മതിലിൽ ഗാന്ധിജിയുടെ ചരിത്രം ത്രീ ഡി രൂപത്തിൽ രേഖപ്പെടുത്തും. പൊതുജനങ്ങൾക്ക് നടക്കാനായി കണ്ണട മാതൃകയിലാണ് പുതിയ പാത്ത്വേയുണ്ടാവുക. നിലവിൽ ഗാന്ധിപ്രതിമ മാത്രമുണ്ടായിരുന്ന പാർക്കിൽ ഗാന്ധിജിയുടെ അപൂർവ നിമിഷങ്ങളിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ എക്സിബിഷൻ കോർണർ വരും. പാർക്കിലുണ്ടായിരുന്ന ഗാന്ധിജിയുടെ പ്രതിമ, തണൽ മരങ്ങൾ, ഇരിപ്പിടം, ഓപൺ ഓഡിറ്റോറിയം, വിശ്രമസ്ഥലം, കുട്ടികൾക്കായി കളിസ്ഥലം എന്നിവയും നഗരസഭയുടെ വക പാർക്കിങ് ഏരിയയും ചെറിയ സ്നാക്സ് കോർണറുമെല്ലാം നവീകരിച്ച പാർക്കിലുമുണ്ടാകുമെന്ന് അധികൃതർ പറയുന്നു. ബൊള്ളാർഡ് ലൈറ്റുകളും ആംബിയൻസ് ലൈറ്റുകളുമൊക്കെയുണ്ടാകും. മാസങ്ങളായി ഇവിടെ പാർക്കിങ് ഇല്ലാത്തത് ചാലയിലെ വ്യാപാരത്തെ ബാധിച്ചതായി പരാതിയുണ്ട്. നവീകരണ പ്രവർത്തനത്തെക്കുറിച്ച് നഗരസഭ അറിയിച്ചിട്ടില്ലെന്നാണ് വാർഡ് കൗൺസിലർ പറയുന്നത്.