ആഞ്ഞടിച്ച് ‘പൂവാർ സുനാമി’; ജില്ല ഫുട്ബാൾ ലീഗിൽ കരുത്ത് തെളിയിച്ച് എസ്.ബി.എഫ്.എ പൂവാർ
text_fieldsജില്ല ഫുട്ബാൾ ലീഗിൽ അനന്തപുരി എഫ്.സിക്കെതിരെ ഹെഡറിലൂടെ ഗോൾ നേടുന്ന എസ്.ബി.എഫ്.എ പൂവാറിന്റെ ഷിജിൻ
തിരുവനന്തപുരം: ജില്ല ഫുട്ബാൾ ലീഗ് ഇ- ഡിവിഷനിൽ ചരിത്രം തിരുത്തിക്കുറിച്ച് എസ്.ബി.എഫ്.എ പൂവാറിന്റെ ഗോളടിമേളം തുടരുന്നു. ഞായറാഴ്ച മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അനന്തപുരി എഫ്.സി രണ്ടിനെതിരെ 27 ഗോളുകൾക്ക് തകർത്താണ് പൂവാർ മൈതാനത്ത് സുനാമി തീർത്തത്. തിരുവനന്തപുരം ജില്ല ലീഗിലെ ഏറ്റവും വലിയ വിജയമാണിത്. ശനിയാഴ്ച 25 -0ന് മുകുന്ദൻ എഫ്.സിയെ പൂവാർ തറപറ്റിച്ചതായിരുന്നു . ഈ ചരിത്രമാണ് അന്തപുരിയുടെ ഗോൾവലക്കുള്ളിൽ പൂവാറിന്റെ കുട്ടികൾ തിരുത്തിക്കുറിച്ചത്. പൂവാറിനായി ഷിജിൻ, ഇബിൻ, ശ്രീവത്സൻ എന്നിവർ അഞ്ച് ഗോളുകൾ വീതം നേടി. നിബിൻ ബിനോയുടെ വകയായിരുന്നു അന്തപുരിയുടെ ആശ്വാസ ഗോളുകൾ. മുകുന്ദൻ എഫ്.സിയെ അടിച്ച് തരിപ്പണമാക്കിയിടത്തുനിന്നുതന്നെയാണ് അനന്തപുരിക്കെതിരെ പൂവാർ തുടങ്ങിയത്. കളിയുടെ രണ്ടാം മിനിട്ടിൽ തന്നെ ഷിജിൻ അനന്തപുരിയുടെ ഗോൾവല കുലുങ്ങി. പിന്നെയങ്ങോട്ട് കണ്ണടച്ച് തുറക്കും മുമ്പേ ഗോളുകളായിരുന്നു.
അനന്തപുരിയുടെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി ആദ്യ പകുതിയിൽ 14 ഗോളുകളാണ് ഷിജിൻ, ഇബിൻ, ശ്രീവത്സൻ , സ്പർവീൺ, എബി, സ്റ്റഫാനോ, എന്നിവർ ചേർന്ന് അടിച്ചുകൂട്ടിയത്. ഒരുഘട്ടത്തിൽ പന്തിൽ കാലുകൊണ്ട് തൊടാൻപോലും അനന്തപുരിയുടെ കളിക്കാർ ആഗ്രഹിച്ചു. 14 ഗോളുകളുമായി ജയം പുറപ്പിച്ചതോടെ രണ്ടാം പകുതിയിൽ കുറച്ച് മയമൊക്കെ പൂവാറിൽ നിന്ന് അനന്തപുരി പ്രതീക്ഷിച്ചെങ്കിലും ഒരു കരുണയും പൂവാറിൽ നിന്നുണ്ടായില്ല. 13 എണ്ണം കൂടി കൊടുത്തശേഷമാണ് ടീം ബൂട്ടഴിച്ചത്. പൂവാറിന്റെ ഗോൾ സുനാമിയിലും അനന്തപുരിക്ക് ആശ്വാസമായത് കളിയുടെ 65,57 മിനിട്ടുകളിൽ നവീൻ ബിനോയ് നേടിയ ഇരട്ട ഗോളുകളാണ്.
വിജയത്തോടെ ഇ-ഡിവിഷനിൽ ആറ് പോയന്റുമായി പൂവാർ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണിൽ എഫ് ഡിവിഷനിൽ ഒന്നാം സ്ഥാനത്തോടെയാണ് പരിശീലകൻ റീഗന്റെ കീഴിൽ പൂവാർ ഇ-ഡിവിഷനിലേക്ക് കടന്നത്. ഈ സീസണിലും മികച്ച പ്രകടനം നടത്തി ഡി-ഡിവിഷനിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് പൂവാർ. ഇന്ന് ഉച്ചക്ക് 2.30ന് മെഡിക്കൽ സ്പോർട്ടിങ് ക്ലബിനെതിരെയാണ് പൂവാറിന്റെ അടുത്ത മത്സരം . അതേസമയം തിങ്കളാഴ്ട എഫ് ഡി.വിഷനിൽ രാവിലെ 8.30ന് തിരുവനന്തപുരം സിറ്റി വി.എഫ്.എയെയും 10.15ന് എമിറേറ്റ്സ് എഫ്.സി പി.എസ്.എ പൂന്തുറയെയും നേരിടും.