ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: മണക്കാട്ടെ ഇസ്താംബൂൾ ഭക്ഷണശാലയിൽനിന്ന് ഷവർമ കഴിച്ച 30ഓളംപേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ കടയുടമയടക്കം നാലുപേർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷവർമ കഴിച്ച് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടവർ പരാതിയുമായെത്തിയതോടെ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തി ഹോട്ടൽ അടച്ചുപൂട്ടി.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളർച്ചക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടി തീരുമാനിക്കും. മയോണൈസും പാചകം ചെയ്യാനായി സൂക്ഷിച്ചിരുന്ന ചിക്കനും അടക്കമുള്ള സാംപിളുകൾ പരിശോധിക്കും.
കരമനയിലെ സ്വകാര്യാശുപത്രിയിൽ പത്തുപേരും മറ്റുള്ളവർ ഫോർട്ട്, ആനയറ, ജനറൽ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയേറ്റതിൽ ഭൂരിപക്ഷവും കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട ഭാഗങ്ങളിലുള്ളവരാണ്. തലക്കറക്കവും ഛർദ്ദിയും വയറിളക്കവുമാണ് ഭൂരിപക്ഷം പേർക്കുമുണ്ടായത്. ആശുപത്രിവിട്ട പലരും പരാതിയുമായി എത്തിയതോടെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്.