ശീതളപാനീയത്തിൽ ഷിഗല്ലെ ബാക്ടീരിയ; കാട്ടാക്കടയിലെ ബേക്കറി അടപ്പിച്ചു
text_fieldsകാട്ടാക്കട: കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയത്തിലെ ബേക്കറിയില്‍ വിതരണംചെയ്ത ശീതളപാനീയത്തിൽ ഷിഗല്ലെ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് അധികൃതർ കാർത്തിക ബേക്കറി അടപ്പിച്ചു.
വഞ്ചിയൂരിലെ ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ലെയുടെ സാന്നിധ്യം കണ്ടെത്തിയത്. രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ശീതളപാനീയമുണ്ടാക്കാൻ ഉപയോഗിച്ച വെള്ളത്തിൽ ബാക്ടീരിയ ഉണ്ടാകമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം 29ന് ശേഖരിച്ച സാമ്പിളുകൾ ഒന്നാം തീയതി പരിശോധനക്ക് അയച്ച് അഞ്ചിനാണ് റിപ്പോർട്ട് കൈമാറിയത്.
ഇതിനോടകം ശീതളപാനീയം നിരവധി പേരിലേക്ക് എത്തിയിട്ടുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഷിഗല്ലെ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച സഹചര്യത്തില്‍ ജില്ല മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആമച്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തരയോഗം ചേരുമെന്ന് എം.ആര്‍. ബൈജു.എം.എല്‍.എ അറിയിച്ചു. കാട്ടാക്കടയിൽ ഷിഗല്ലെ ബാധിതരാരുമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണമെന്നും എം.എല്‍.എ അറിയിച്ചു.


