കേരള സർവകലാശാലയിൽ ജോലി സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി
text_fieldsശ്രീകാര്യം: കേരള സർവകലാശാലയിൽ കാര്യവട്ടം കാമ്പസിൽ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിൽ സാങ്കേതിക അസിസ്റ്റന്ററായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതയിൽനിന്ന് ആക്കുളം സെൻട്രൽ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞനും സുഹൃത്തും ചേർന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. യൂനിവേഴ്സിറ്റിയിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്താണ് യുവതിയുടെ പണം അപഹരിച്ചതെന്ന കൊല്ലം പരവൂരിലെ എം. ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞവർഷം ആക്കുളത്തെ ശാസ്ത്രജ്ഞന്റെ ഓഫിസ് ക്യാബിനിലാണ് യുവതിയും ഭർത്താവും ശാസ്ത്രജ്ഞനെയും ഇയാളുടെ സുഹൃത്തിനെയും കണ്ടതത്രെ. തങ്ങൾക്ക് ഉന്നത സ്വാധീനമുണ്ടെന്നും ആവശ്യമായ തുക നൽകിയാൽ മൂന്ന് മാസത്തിനുള്ളിൽ ജോലി സ്ഥിരപ്പെടുത്താമെന്നും അവർ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് യുവതി തന്റെ അക്കൗണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും ഭർത്താവിന്റെ അക്കൗണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും ശാസ്ത്രജ്ഞന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ കഴിഞ്ഞ ജൂണിൽ തുക കൈമാറ്റം ചെയ്തെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല.
പണം കൈമാറിയതിന്റെ തെളിവുകൾ ഉൾപ്പെടെ യുവതി ഹാജരാക്കിയിട്ടുണ്ട്. പ്രതികളുമായുള്ള ഫോൺ സംഭാഷണവും കൈമാറി . പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.