മോഷ്ടിച്ച വാഹനത്തിൽ കറങ്ങി മോഷണം; പ്രതി പിടിയിൽ
text_fieldsദീപു
ശ്രീകാര്യം: മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന് ബൈക്ക് മോഷണവും ഭവനഭേദനവും നടത്തുന്ന പ്രതികൾ ശ്രീകാര്യം പൊലീസിന്റെ പിടിയിലായി. പള്ളിച്ചൽ പാമാംകോട് പെരിഞ്ഞാഴി എയർഫോഴ്സ് ക്യാമ്പിന് സമീപം മേലേവീട്ടിൽ ദീപുവാണ് (39) പിടിയിലായത്. പൗഡിക്കോണം ഭാഗത്ത് വാഹന പരിശോധനക്കിടെ ഇയാൾ ഓടിച്ചുവന്ന ആക്ടീവ ശ്രദ്ധയിൽപെട്ട് പൊലീസ് ചോദ്യം ചെയ്തതിൽനിന്നാണ് മോഷണവിവരം പുറത്തായത്.
ആലപ്പുഴ തൃക്കുന്നപ്പുഴ ഭാഗത്തുനിന്ന് മോഷ്ടിച്ച വാഹനമാണെന്നും തൃക്കുന്നപ്പുഴ സ്റ്റേഷനിൽ പരാതിയുള്ളതായും അറിഞ്ഞ പൊലീസ് ആക്ടീവ സ്കൂട്ടറുൾപ്പെടെ ദീപുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭവനഭേദനം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.