മൃഗശാലയിലും ‘സിസ്റ്റം തകരാറിൽ’
text_fieldsതിരുവനന്തപുരം: ‘സിസ്റ്റം തകരാറിൽ’ മൃഗശാലയിൽ പൊലിയുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന പക്ഷികളും മൃഗങ്ങളും. കഴിഞ്ഞ ഒരുമാസത്തിനിടെ അപൂർവയിനത്തിൽപെട്ടവയും ലക്ഷങ്ങൾ വിലയുള്ളതുമായ രണ്ടുപക്ഷികളാണ് ഇവിടെ ചത്തത്.
തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന യമുവും ഒട്ടക പക്ഷിയുമാണ് അടുത്തിടെ ചത്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന മക്കൗ തത്ത മൃഗശാലയിൽ നിന്ന് പറന്നുപോയി. ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. വനംവകുപ്പ് പിടിച്ചുനൽകിയ തത്തകൾക്കും ഇവിടെ കൂട്ടമരണം സംഭവിച്ചു. ഇതൊന്നും പുറംലോകം അറിയുന്നില്ല. പുതുതായി പണികഴിപ്പിച്ച ഓപൺ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് എമു ചത്തത്.
പഴയ കൂട്ടിൽ നിന്ന് ഓപൺ കൂട്ടിലേക്ക് മാറ്റിയപ്പോൾ പേടിച്ച് ശാരീരികാസ്വസ്ഥ്യം ഉണ്ടായി ചത്തുവെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഓടിച്ചിട്ട് പിടികൂടിയപ്പോൾ സംഭവിച്ച പരിക്കാണ് മരണകാരണമെന്നാണ് അറിയുന്നത്. ഒട്ടകപക്ഷിയും ചാകാൻ കാരണം ഇതുപോലെ കൂടുമാറ്റത്തിനിടെ എന്നാണ് വാദം. എന്നാൽ അതും മൃഗശാല അധികൃതർ സാധാരണ മരണമാക്കി. പ്രായാധിക്യം കാരണം അസുഖംബാധിച്ച് ചത്തുവെന്നാണ് അവർ നൽകുന്ന വിശദീകരണം.
നിരത്തിലും പൊതുസമൂഹത്തിനിടയിലും നിയമവിരുദ്ധമായി പ്രദർശിപ്പിച്ചതിന്റെ പേരിൽ വനംവകുപ്പ് പിടിച്ചെടുക്കുകയും പിന്നീട് മൃഗശാലക്ക് കൈമാറുകയും ചെയ്ത നൂറോളം തത്തകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 20 ൽ താഴെ. ഹനുമാൻ കുരങ്ങ് എന്നിവ ചാടിപ്പോയ സംഭവങ്ങളും ഇവിടെ ഉണ്ടായി. ഇത്തരത്തിൽ മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചകൾ ഇവിടെ സംഭവിക്കുന്നുവെന്നും എല്ലാം മൂടിവെക്കുകയാണെന്നുമാണ് പ്രധാന ആക്ഷേപം.
സെൻട്രൽ സൂ അതോറിറ്റി നൽകുന്ന കോടിക്കണക്കിന് രൂപ പ്രയോജനപ്പെടുത്തി പുതിയ ഇനം മൃഗങ്ങളെ എത്തിക്കുന്നതിന് പകരം നിർമാണപ്രവർത്തനങ്ങളാണ് വളപ്പിൽ നടക്കുന്നത്. ഇതിൽ വലിയ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമാണ്. വിരമിച്ച പല ഉദ്യോഗസ്ഥർക്കും വളപ്പിലെ അപകടമരങ്ങൾ മുറിക്കാനുള്ള കരാറും നിർമാണ കരാറും നൽകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
മരംമുറി, നിർമാണങ്ങൾ എന്നിവയെല്ലാം നിജയമാനുസൃതം ടെണ്ടർ നടപടികളിലൂടെയാണ് നൽകുന്നതെന്നും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യക്തിക്കാണ് കരാർ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.