വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsനേമം: കരമന മേലാറന്നൂരിലെ വീട്ടില്‍ നിന്ന് അഞ്ച് പവന് തൂക്കം വരുന്നതും 5 ലക്ഷം രൂപ വിലവരുന്ന നവരത്നങ്ങള്‍ പതിച്ച മാല കവര്‍ന്ന സംഭവത്തില്‍ മോഷ്ടാവ് പിടിയില്‍. ബീമാപ്പള്ളി മില്‍ക്ക് കോളനി ടി.സി 46/585 സമീറ മന്‍സിലില്‍ നസറുദ്ദീന്‍ ഷാ (35) ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മേലാറന്നൂരിലെ ഇരുനില വീടിന്റെ താഴത്തെ നിലയിലായിരുന്നു മോഷണം. വീട്ടില്‍ താമസിച്ചിരുന്നയാള്‍ പ്രഭാത സവാരിക്കു പോയപ്പോള്‍ താക്കോല്‍ ഭദ്രമായി പുറത്ത് സൂക്ഷിച്ചിരുന്നു. ഇതു കണ്ടെത്തിയാണ് പ്രതി ഡോര്‍ തുറന്ന് കവര്‍ച്ച നടത്തിയത്.
വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതുകൊണ്ടാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. കരമന സി.ഐ അനൂപ്, എസ്.ഐമാരായ ശ്രീജിത്ത്, അജിത്ത്, എസ്.സി.പി.ഒമാരായ കൃഷ്ണകുമാര്‍, ശ്യാംമോഹന്, സി.പി.ഒമാരായ ഹിരണ്‍, അജികുമാര്‍, ശരത്ചന്ദ്രന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതി റിമാന്‍ഡിലാണ്.


