മുഖ്യവിവരാവകാശ കമീഷണറുടെ വാദം പൊളിഞ്ഞു; അപേക്ഷകർക്ക് വിലക്കേർപ്പെടുത്തി വിവരാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വിവേചനരഹിതമായി നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകൾ നൽകുന്നവർക്ക് വകുപ്പുകളിൽ വിലക്കേർപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷൻ. വിവരം ആവശ്യപ്പെട്ടതിന്റെ പേരിൽ ആരെയും കരിമ്പട്ടികയിൽപെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമീഷണർ വി. ഹരി നായർ അവകാശപ്പെടുമ്പോഴാണ് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ അപേക്ഷകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച രേഖകൾ ‘മാധ്യമ’ത്തിന് ലഭിച്ചു.
2005ലെ വിവരാവകാശ നിയമപ്രകാരം ഒരാളെയും കരിമ്പട്ടികയിൽപെടുത്താൻ വ്യവസ്ഥയില്ല. ഇത് മറികടക്കാനാണ് അപേക്ഷകർക്ക് കമീഷൻ സ്വമേധയാ ‘വിലക്ക്’ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 2024 നവംബർ 11നാണ് ഇടുക്കി സ്വദേശിയായ അപേക്ഷകന് കമീഷൻ ആദ്യമായി വിലക്കേർപ്പെടുത്തിയത്. ആലപ്പുഴ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ എസ്.ഐയായിരുന്ന എം.ഐ. ബേബിക്ക് ഇനി മുതൽ വിവരാവകാശപ്രകാരം വിജിലൻസിൽനിന്ന് ഒരു വിവരവും നൽകേണ്ടതില്ലെന്ന് കമീഷൻ തീരുമാനിച്ചു. സർവിസിലിരിക്കെ, കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിട്ട ബേബി തനിക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലും വിവരാവകാശ നിയമപ്രകാരം വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. ബേബി ആവശ്യപ്പെട്ട 3304 പേജിന് 6608 രൂപ അടക്കാനായിരുന്നു വിജിലൻസിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ആവശ്യപ്പെട്ടത്. ഇതുപ്രകാരം ബേബി പണമടച്ച് രേഖകൾ സ്വന്തമാക്കി.
എന്നാൽ, ഇതിനുശേഷവും 40തിലധികം വിവരാവകാശ അപേക്ഷകൾ ഇദ്ദേഹം വിജിലൻസിന് മുമ്പാകെ സമർപ്പിച്ചു. ഒരു വിഷയത്തിൽ ആവർത്തിച്ചുള്ള അപേക്ഷകൾ വിവരാവകാശ നിയമത്തെ പരിഹസിക്കുന്നതാണെന്നും നിയമത്തെ വ്യക്തിപരമായ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിവരാവകാശ കമീഷനെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഇനി മുതൽ ബേബിക്ക് വിജിലൻസിൽനിന്ന് വിവരങ്ങൾ നൽകേണ്ടതില്ലെന്ന് നിർദേശിച്ചത്. സുപ്രീം കോടതിയുടെയും പല ഹൈകോടതികളുടെയും ഉത്തരവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കമീഷന്റെ വിലക്ക്. മുഖ്യവിവരാവകാശ കമീഷണറുടെ ഉത്തരവിൽ വിവരാവകാശ കമീഷണർമാരായ ഡോ. എ. അബ്ദുൽ ഹക്കീം, ഡോ. കെ.എം. ദിലീപ്, ഡോ. എം. ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ്, അഡ്വ. ടി.കെ. രാമകൃഷ്ണൻ എന്നിവരും ഒപ്പുവെച്ചിട്ടുണ്ട്. ഇതിനുശേഷവും നിരവധി അപേക്ഷകരെയാണ് ഓരോ കമീഷൻ അംഗങ്ങളും വകുപ്പുകളിൽനിന്ന് വിവരം ചോദിച്ചതിന് വിലക്കിയത്.