മുൻമേയറുടെ വീട്ടിൽ കവർച്ച; 70000 രൂപയുടെ സാധന സാമഗ്രികൾ നഷ്ടമായി
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ അന്തരിച്ച എം.പി. പത്മനാഭന്റെ വീടിന്റെ വാതിലിന്റെപൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി. അകത്ത് കടന്ന മോഷ്ടാവ് നാലുകുപ്പി വിദേശമദ്യവും ഒരു മിക്സിയും ഷോകേസിൽ സൂക്ഷിച്ചിരുന്ന ഉപഹാരങ്ങളും കവർന്നതായി എം. പി. പത്മനാഭന്റെ മകനും സിനിമാതാരവുമായ ബിജു പപ്പൻ മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കണ്ണമ്മൂല സ്വാതി ലെയിനിലെ രേവതി ഹൗസ് എന്ന പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്തും പുറകുവശത്തെ വാതിൽ കുത്തിത്തുറന്നുമാണ് മോഷണം നടത്തിയത്. 18 ന് രാവിലെ 9.30 നും വെള്ളിയാഴ്ച എഴിനുമിടക്കാണ് സംഭവം. ഹാളിലും മുറിയിലുമുള്ള ആറ് അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ടും ഷോകേസിൽ സൂക്ഷിച്ചിരുന്ന തന്റെ അച്ഛനു കിട്ടിയ ഉപഹാരങ്ങളും ഹാളിന്റെ പിൻഭാഗത്ത് ഷെൽഫിൽ ഉണ്ടായിരുന്ന മിക്സിയും മുറിയിൽ സൂക്ഷിച്ചിരുന്ന നാലുകുപ്പി വിദേശ മദ്യവും ഉൾപ്പെടെ കവർന്നതിൽ ഉദ്ദേശം 70000 രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


