വാഴിച്ചാൽ ഇമ്മാനുവേൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിക്ക് മർദനം
text_fieldsഎസ്.ആര്. ആദിഷിനെ സീനിയർ വിദ്യാർഥി മർദിക്കുന്ന ദൃശ്യം
വെള്ളറട: വാഴിച്ചാൽ ഇമ്മാനുവേൽ കോളജിലെ ഒന്നാംവർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥി മർദിച്ചെന്ന് പരാതി. ഒന്നാംവര്‍ഷ ബി.കോം വിദ്യാർഥി എസ്.ആര്. ആദിഷിനാണ് മർദനമേറ്റത്. രണ്ടാംവർഷ ബി.കോം വിദ്യാർഥി ജിതിനാണ് മർദിച്ചതെന്ന് കാട്ടി ആദിഷിന്റെ പിതാവ് ശ്രീകുമാര്‍ ആര്യംകോട് പൊലീസിനും കോളജ് അധികൃതര്‍ക്കും പരാതി നല്കി. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. മാസങ്ങള്‍ക്ക് മുമ്പ് ജിതിനും മറ്റൊരു വിദ്യാർഥിയും തമ്മിൽ കോളജ് പരിസരത്ത് വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തില്‍ അന്ന് ആദിഷ് ഇടപെട്ടതിനുള്ള വൈരാഗ്യമാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിൽ. ആദിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.