പാർട്ടിക്കായി ജീവിച്ചു; ദുരൂഹമായി ആത്മഹത്യ
text_fieldsകോർപറേഷൻ കൗൺസിലർ കെ.അനിൽകുമാറിന്റെ ആത്മഹത്യ വിവരമറിഞ്ഞ് തിരുമല വാർഡ് കമ്മറ്റി ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ ജനം
തിരുവനന്തപുരം: കുട്ടിക്കാലം മുതൽ ആർ.എസ്.എസ് പ്രവർത്തകനായി ജീവിതം സമർപ്പിച്ച തിരുമല അനിൽ ഒടുവിൽ ജീവനൊടുക്കിയതും പാർട്ടി അവഗണനയിൽ മനംനൊന്ത്. ഒരു സാധാരണ പ്രവർത്തകനിൽ നിന്ന് പടിപടിയായി ഉയർന്ന് രണ്ട് തവണ കോർപറേഷൻ കൗൺസിലറായി. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയായിരിക്കെയാണ് മരണം.
നഗരത്തിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍. സൗമ്യനും ജനകീയനുമായിരുന്നു. അദ്ദേഹം ഭാരവാഹിയായ വലിയശാലയിലെ തിരുവനന്തപുരം ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് ആത്മഹത്യ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ഇത് മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ സൂചനയുണ്ട്.
പാർട്ടി പറഞ്ഞ നിരവധി പേർക്ക് ലോൺ നൽകിയെങ്കിലും തിരിച്ചടവുണ്ടായില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുകയും നിക്ഷേപകർ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. പണം കൃത്യമായി നൽകാൻ സാധിച്ചില്ല. പൊലീസ് കേസുമായി. രണ്ട് ദിവസം മുന്‍പ് തിരുമല അനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ട് ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നു. താൻ എല്ലാവരെയും സഹായിച്ചെന്നും പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടുവെന്നും അനിൽ കുമാർ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി. വലിയശാലയിലെ തിരുവനന്തപുരം ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തിൽ ആറ് കോടിയോളം ബാധ്യതയുണ്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്.
സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്റെ പേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
എന്നാൽ, അനിൽ പ്രശ്നങ്ങളെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറയുന്നു. ലോൺ എടുത്തവർ പലരും തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കൗൺസിലറും ബി.ജെ.പി നേതാവുമായ വി.വി. രാജേഷ് പറഞ്ഞു.
പാർട്ടി അനിലിനൊപ്പമായിരുന്നുവെന്ന് ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് കരമന ജയൻ അഭിപ്രായപ്പെട്ടു.
തട്ടിപ്പിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കണം –വി. ജോയ്
തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലർ കെ.അനിൽകുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ല ഫാം ടൂർ സഹകരണ സംഘത്തിലെ തട്ടിപ്പിൽ ബി.ജെ.പി ജില്ല-സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സി.പി.എം പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്ന് ജില്ല സെക്രട്ടറി അഡ്വ. വി. ജോയ് എം.എൽ.എ . ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
ആരാണ് സഹകരണ സംഘത്തിൽ സാമ്പത്തിക തിരിമറി നടത്തിയതെന്ന വിവരങ്ങൾ പുറത്തു വരേണ്ടിയിരിക്കുന്നു.
മരണം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത് അത്യന്തം അപലപനീയമാണ്. ബി.ജെ.പിക്ക് പലതും മറച്ചു പിടിക്കാനുള്ളതുകൊണ്ടാണ് അക്രമം അഴിച്ചുവിട്ടതെന്നും വി. ജോയ് പറഞ്ഞു.
മൂന്നുമാസമായി മനോവിഷമത്തിൽ; മരണത്തിന് തൊട്ടുമുമ്പും ആശയവിനിമയം
നേമം: മൂന്നുമാസമായി കടുത്ത മനോവിഷമത്തിലായിരുന്നു തിരുമല അനിൽ. ശനിയാഴ്ച രാവിലെ 8.30നാണ് അദ്ദേഹം പൂജപ്പുരയിലെ ഓഫീസിലെത്തിയത്. അപ്പോഴും സമീപത്തുണ്ടായിരുന്നവരുമായി സംസാരിച്ചിരുന്നു. പിന്നീട് ഒരുമണിക്കൂര്‍ നേരത്തേക്ക് ആരും ഇദ്ദേഹത്തെ കണ്ടില്ല.
ഓഫീസ് സ്റ്റാഫ് 10 മണിയോടെ എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുന്നത്.
അനില്‍കുമാര്‍ പ്രസിഡന്റായ ഫാം ടൂര്‍ സഹകരണ സംഘം സൊസൈറ്റി കുറച്ചുനാളായി നഷ്ടത്തിലായിരുന്നു. ആറു കോടിയോളം രൂപയാണ് സൊസൈറ്റിയില്‍ ഇടപാടുകാർ ഫിക്സഡ് ഡപ്പോസിറ്റായി നിക്ഷേപിച്ചിരുന്നതെന്നാണു സൂചന. 14 കോടിയില്‍പ്പരം രൂപയാണ് പിരിഞ്ഞുകിട്ടാനുണ്ടായിരുന്നത്.
നിക്ഷേപം തിരികെ ലഭിക്കാത്തതു സംബന്ധിച്ച് ഉപഭോക്താക്കൾ കൗണ്‍സിലറുടെ ഓഫീസിലെത്തി ആശങ്ക പങ്കുവച്ചിരുന്നു. പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന തുക തിരികെക്കിട്ടുന്നതിനുള്ള വഴികള്‍ ഫലംകാണാതെ വന്നതോടെയാണ് അനിൽ നിരാശയിലായതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തന്നെ വിശ്വസിച്ച് നിക്ഷേപിച്ച വലിയ തുകകള്‍ തിരികെ നല്കാന് സാധിക്കാതെ വന്നത് അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തിയിരുന്നു.
ഒരുമണിക്കൂറോളം ഓഫീസ് റൂമിന് പുറത്ത് കാണാതിരുന്നതിനാല്‍ മുറിക്കുള്ളിലിരുന്നായിരിക്കാം ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതെന്ന് കരുതുന്നതായി പൂജപ്പുര സി.ഐ പറഞ്ഞു. അതേസമയം പാര്‍ട്ടി സഹായിച്ചില്ലെന്നോ വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ ആത്മഹത്യാക്കുറിപ്പില്‍ ഇല്ലെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.


