തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വാർഡിൽ സീലിങ് അടർന്നുവീണു; വൻ അത്യാഹിതം ഒഴിവായി
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണു. രോഗികള്‍ കിടക്കുന്ന ഭാഗത്തുനിന്ന് അൽപം മാറിയായതിനാല്‍ അപകടം ഒഴിവായി.
ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു 20ാം വാര്‍ഡിലാണ് സംഭവം. സീലിങിന്റെ കുറച്ചു ഭാഗം മാസങ്ങൾക്ക് മുമ്പ് അടർന്നുവീണിരുന്നു. ഈ ഭാഗത്തുണ്ടായതായ ദ്വാരം അടക്കുന്നതിന്റെ ഭാഗമായി സിമന്റ് തേച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതാണ് വീണ്ടും ഇളകി താഴേക്കു പതിച്ചത്. ഉച്ചസമയത്ത് രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു.
ഫാനുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിന്റെ ഇളക്കംമൂലം ബലംകുറഞ്ഞ തേപ്പ് ഇളകി നിലത്തേക്കു വീണതാണെന്നു രോഗികള്‍ പറഞ്ഞു. സീലിങ് വീണതോടെ രോഗികള്‍ ഭയപ്പെട്ട് പുറത്തേക്കോടിയെങ്കിലും മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വിവരമറിഞ്ഞ് ആശുപത്രി അധികൃതര്‍ സ്ഥലത്തെത്തി സീലിങ് പരിശോധിച്ചു. ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താനും സുരക്ഷിതമാക്കാനും അധികൃതര്‍ നിര്‍ദേശം നല്കി.


