‘എന്നെ വിടരുതേ.. ഞാൻ നിങ്ങടെ കൂടെ നിന്ന് പഠിച്ചോളാം’
text_fieldsതിരുവനന്തപുരം: ‘എന്നെ വിടരുതേ.. ഞാൻ നിങ്ങടെ കൂടെ നിന്ന് പഠിച്ചോളാം, മലയാളം പഠിച്ചോളാം..’ കഴക്കൂട്ടത്തു നിന്ന് കാണാതായി പൊലീസ് കണ്ടെത്തിയ അസം സ്വദേശി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമിറ്റി ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗത്തോടും മറ്റ് അംഗങ്ങളോടും ഇതു പറഞ്ഞത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ഒരാഴ്ചത്തെ കൗൺസലിങിനു ശേഷം തിങ്കളാഴ്ച തിരികെ എത്തിയ 13കാരിയായ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ വന്നപ്പോഴാണ് ചൈൽഡ് വെൽഫെയർ കമിറ്റി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും അതിനാൽ മകളെയും കൊണ്ടേ മടങ്ങിപ്പോകൂവെന്ന വാശിയിലായിരുന്നു പെൺകുട്ടിയുടെ പിതാവ്.
കുഞ്ഞിനെ നിർബന്ധമായി കൂട്ടിക്കൊണ്ടുപോകാനുള്ള അച്ഛന്റെ ശ്രമവും അവളുടെ ചെറുത്തുനിൽപ്പും ശക്തമായിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് കൗൺസലിങ് പൂർത്തിയാക്കി പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമിറ്റിലേക്ക് കൊണ്ടുവന്നത്. മകളെ തിരികെ കൊണ്ടുപോകാനായി മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു. അവരെ കണ്ടതും കുട്ടി പോകാൻ വിസമ്മതിച്ചു. അവർ കുഞ്ഞിനൊപ്പം അരമണിക്കൂറോളം സംസാരിച്ചെങ്കിലും അവൾ തന്റെ നിലപാടിൽ നിന്ന് അണുവിട മാറിയില്ല. തുടർന്ന് ഉച്ചക്ക് രണ്ടരയോടെ പൊലീസ് സംരക്ഷണയിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നുവെന്ന് അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം മാതാപിതാക്കളെ വീണ്ടും കാണുമെന്നും അവർക്ക് കൗൺസിലിങ് നൽകുമെന്നും മറ്റ് കുട്ടികളെ കൂടി ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുമെന്നും അഡ്വ. ഷാനിബാ ബീഗം പറഞ്ഞു.
നിലവിൽ സമിതിയുടെ ഹോമിന്റെ പരിചരണയിലാണ് പെൺകുട്ടി. ഏഴാം ക്ലാസിൽ പെൺകുട്ടിയുടെ പഠനം തുടരാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഉടൻ തന്നെ പെൺകുട്ടിക്ക് സ്കൂളിൽ പോയിത്തുടങ്ങാനാകുമെന്നും സമിതി ജനറൽ സെക്രട്ടറി അരുൺഗോപി മാധ്യമത്തോട് വ്യക്തമാക്കി. ആഗസ്റ്റ് 20നാണ് മാതാപിതാക്കളുമായി പിണങ്ങി പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ഒന്നര ദിവസത്തെ അന്വേഷണത്തെ തുടർന്ന് കുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ആഗസ്റ്റ് 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് സി.ഡബ്ല്യു.സി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി. മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടി സി.ഡബ്ല്യു.സിക്ക് മൊഴി നല്കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും കുട്ടി അറിയിച്ചതിനെ തുടർന്ന് സി.ഡബ്ല്യു.സിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ കൗൺസലിങിനായി വിടുകയായിരുന്നു.