വീടിന്‍റെയും വസ്തുവിന്‍റെയും വ്യാജരേഖ ഹാജരാക്കി ബാങ്കിൽനിന്ന് 56.20 ലക്ഷം തട്ടിയതായി പരാതി
text_fieldsമെഡിക്കൽ കോളജ്: വ്യാജ രേഖകൾ ഹാജരാക്കി ബാങ്കിനെ കബളിപ്പിച്ച് 56.20 ലക്ഷം രൂപ തട്ടിയതായി പരാതി. പട്ടം എസ്.ബി.ഐ അധികൃതർ തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ കോടതി നിർദേശ പ്രകാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി പൗലോസ് കൊച്ചാപ്പു എന്നയാളുടെ പവർ ഓഫ് അറ്റോർണി ഹോൾഡർ ആയി നിയമിച്ച എൽ.സി. ഫിലിപ്പ് എന്നയാളാണ് എസ്.ബി.ഐ ബ്രാഞ്ചിൽനിന്ന് 2022 മേയിൽ 53 ലക്ഷം രൂപയുടെ ഹൗസിങ് ലോണിന് അപേക്ഷിച്ചത്.
ബാങ്ക് അനുവദിച്ച തുകയിൽ 45.60 ലക്ഷം രൂപ വസ്തു വാങ്ങുന്നതിനായും അതിൽ നിന്ന് 11.92 ലക്ഷം രൂപ മലയിൻകീഴ് സ്വദേശിയായ വിഷ്ണുവിൻന്‍റെ പേരിൽ എച്ച്.ഡി.എഫ്.സി ബാങ്കിലെ വായ്പ അടച്ചുതീർക്കുന്നതിനു നൽകിയെന്നും പരാതിയിൽ പറയുന്നു. 7.40 ലക്ഷം രൂപ വീട് മോടി പിടിപ്പിക്കുന്നതിനായും ഉപയോഗിച്ചു. തിരുവനന്തപുരം കാട്ടാക്കട വിളവൂർക്കലുള്ള വസ്തുവും കെട്ടിടവുമാണ് ഒന്നാം പ്രതിയായ പൗലോസ് കൊച്ചാപ്പു ബാങ്കിൽ ഈടായി പണയം നൽകിയിരുന്നത്.
ഇതിനിടെ ബാങ്ക് നടത്തിയ പരിശോധനയിൽ പൗലോസ് കൊച്ചാപ്പു എസ്.ബി. ഐ പട്ടം ശാഖയിൽ പണയമായി നൽകിയ വസ്തു തന്നെയാണ് എസ്.ബി.ഐ ഏണിക്കര ശാഖയിൽ ആർ. ബിനു, വിഷ്ണുപ്രിയ എന്നിവരും പണയമായി നൽകി വായ്പയെടുത്തത് എന്നു കണ്ടെത്തി. പരിശോധനയിൽ വസ്തുവകകളുമായി ബന്ധപ്പെട്ട് പൗലോസ് കൊച്ചാപ്പുവും മറ്റു പ്രതികളും ചേർന്ന് ബാങ്കിൽ ഹാജരാക്കിയ ആധാരങ്ങൾ, ലൊക്കേഷൻ പ്ലാൻ, കെട്ടിട നികുതി രസീതുകൾ എന്നിവ വ്യാജമായി നിർമിച്ചതാണെന്നും യഥാർഥ രേഖകളല്ലെന്നും കണ്ടെത്തുകയും ചെയ്തു. തട്ടിപ്പിൽ വിളവൂർക്കൽ വില്ലേജ് ഓഫിസറായിരുന്നയാൾ ഉൾപ്പെടെ ഏഴു പ്രതികൾക്കെതിരെയാണ് ബാങ്ക് അധികൃതർ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


