കരകുളം പാലം നിർമാണം; ടെൻഡർ നടപടികളായി
text_fieldsനെടുമങ്ങാട്: വഴയില-പഴകുറ്റി-കച്ചേരിനട-പതിനൊന്നാം കല്ല് നാലുവരി പാതയിൽ ഉൾപ്പെടുന്ന കരകുളത്ത് കിള്ളിയാറിന് കുറുകെ നിർമിക്കുന്ന നാലുവരി പാലത്തിന്റെ ടെൻഡർ നടപടികളായി. ഏഴുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച നാലുവരിപ്പാതയുടെ ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്ന കരകുളം പാലത്തിന്റെ നിര്‍മാണത്തിന് 4,73,56,646 രൂപയാണ് അടങ്കൽ തുക നിശ്ചയിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ ഏപ്രില്‍ 10നാണ് പൂര്‍ത്തിയാക്കുന്നത്.
റോഡ് നിര്‍മാണത്തിന് ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനമിറക്കി വഴയില മുതൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് പാലത്തിന്റെ ടെൻഡര്‍ നടപടികള്‍ക്ക് ഇപ്പോള്‍ ഉത്തരവായത്. മൂന്ന് റീച്ചുകളായാണ് റോഡ് നിർമിക്കുന്നത്. വഴയില മുതല്‍ കെല്‍ട്രോണ്‍ ജങ്ഷന് വരെയുള്ള ഭാഗമാണ് ആദ്യറീച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലുള്ള കരകുളം പാലത്തിന്റെ നിര്‍മാണമാണ് ആദ്യം നടക്കുക. ഈ റീച്ചില്‍ കരകുളം കൂട്ടപ്പാറയിൽ കിള്ളിയാറിനോട് ചേർന്ന് 500 മീറ്റർ ഫ്ലൈ ഓവറും നിർമിക്കാനുണ്ട്. പാലത്തിന്റെ നിർമാണത്തോടനുബന്ധിച്ച് ഇതിന്റെയും ടെൻഡർ നടപടികളുണ്ടാവും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ റീച്ചില്‍ 110 പരാതികള്‍ കിട്ടിയിരുന്നു. മന്ത്രി ജി.ആര്. അനിലിന്റെ നേതൃത്വത്തില്‍ കരകുളത്ത് വിളിച്ചുചേര്‍ത്ത പരാതി അദാലത്തില്‍ തീരുമാനമെടുത്ത അപേക്ഷകളിൽ ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തില്‍ പുനരധിവാസ തുക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പാലത്തിന്റെ ടെൻഡർ നടപടികളുണ്ടായത്.
2016-17ലെ ബജറ്റിലാണ് വഴയില പഴകുറ്റി കച്ചേരിനട പതിനൊന്നാംകല്ല് നാലുവരിപ്പാത നിര്‍മിക്കാന്‍ തുക വകയിരുത്തിയത്. പൊതുമരാമത്തിന്റെ അംഗീകൃത ഏജന്‍സിയായ റൂബി സോഫ്റ്റ് ടെക് എന്ന സ്ഥാപനത്തെയാണ് പാതയുടെ രൂപരേഖ തയാറാക്കുന്നതിന് ചുമതലപ്പെടുത്തിയത്. ആദ്യം 24മീറ്റര്‍ വീതിയിലാണ് ഇവര്‍ പാതയുടെ രൂപരേഖ തയാറാക്കിയത്. പിന്നീട് കിഫ്ബിയുടെ സമ്മര്‍ദം മൂലം 21 മീറ്ററാക്കി കുറച്ചു. നാലുവരിപ്പാത മൂന്നുറീച്ചുകളായി നിര്‍മിക്കാനാണ് തീരുമാനിച്ചത്. വഴയില മുതല്‍ കെല്‍ട്രോണ്‍ ജങ്ഷന് വരെ ഒന്നാംറീച്ചായും കെല്‍ട്രോണ്‍ ജങ്ഷന് മുതല്‍ വാളിക്കോട് വരെ രണ്ടാം റീച്ചായും വാളിക്കോട് മുതല്‍ പഴകുറ്റി-കച്ചേരിനട-പതിനൊന്നാം കല്ല് വരെ മൂന്നാം റീച്ചായുമാണ് നിർമിക്കുന്നത്.
ആദ്യം തയാറാക്കിയ അലൈന്മെന്റ് അനുസരിച്ചാണ് സ്ഥലമേറ്റെടുക്കാന്‍ നടപടി തുടങ്ങിയത്. സെന്റർ ഫോര്‍ ലാൻഡ് ആൻഡ് സോഷ്യല്‍ സ്റ്റഡീസാണ് ഇക്കാര്യത്തില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കിയത്. കരകുളം, അരുവിക്കര, നെടുമങ്ങാട്, കരുപ്പൂര് വില്ലേജുകളിലുള്‍പ്പെട്ട 7.561ഹെക്ടര്‍ ഭൂമിയാണ് റോഡിനുവേണ്ടി ഏറ്റെടുക്കുന്നത്. ഇതിനായി നേരേത്തതന്നെ സാമൂഹികാഘാതപഠനം നടത്തിയിരുന്നു.
റോഡിന്റെ കാര്യത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ വിദഗ്ധസമിതിയുടെ ശിപാര്‍ശ, സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്, കലക്ടറുടെ റിപ്പോര്‍ട്ട് എന്നിവ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചാണ് അന്തിമവിജ്ഞാപനം വന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പി.പി.യു ഡിസൈന്‍ വിഭാഗം ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തയാറാക്കിയ അലൈന്‍മെന്റിലാണ് ഇപ്പോള്‍ റോഡ് നിര്‍മിക്കുന്നത്.