റോഡ് നിർമാണത്തിൽ വൻ അഴിമതി; നഗരൂരിൽ മുൻ എൽ.ഡി.എഫ് ഭരണസമിതി മുഖ്യമന്ത്രിയെയും കബളിപ്പിച്ചു
text_fieldsനിർമാണം പൂർത്തിയാക്കിയതായി പറയുന്ന മാവേലി -
പുന്നശേരി കോണം റോഡ്
കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതി മുഖ്യമന്ത്രിയെയും കബളിപ്പിച്ചു. റോഡ് നിർമാണത്തിനായി മുഖ്യമന്ത്രി അനുവദിച്ച ലക്ഷങ്ങൾ വക മാറ്റി ചെലവഴിച്ചു. രണ്ട് റോഡുകൾക്കായി അനുവദിച്ച തുക ഒരു റോഡിൽ ചെലവഴിക്കുകയും ഇരുറോഡുകളുടെയും പേരെഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഈ അഴിമതിക്കഥ പുറത്തറിഞ്ഞത് ഒരുവർഷത്തിന് ശേഷമാണ്. അഴിമതിക്ക് കുടപിടിച്ച അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ് അസി.എൻജിനീയറും സ്ഥലം മാറിപ്പോയതോടെ പുതിയ ഉദ്യോഗസ്ഥർ വെട്ടിലായി. സി.പി.എം നേതൃത്വത്തിലുള്ള നഗരൂർ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലത്താണ് പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലായുള്ള രണ്ട് വ്യത്യസ്ത റോഡുകൾക്കായി അനുവദിച്ച തുക വകമാറ്റിയത്.
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എൽ.ആർ.ആർ.പി) പ്രകാരം നഗരൂർ പഞ്ചായത്തിൽ മൂന്ന് റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. വെള്ളല്ലൂർ വില്ലേജിലെ രണ്ടാം വാർഡിൽപ്പെട്ട കീഴ്പേരൂർ റോഡ്, 16ാം വാർഡിൽ ഉൾപ്പെട്ട മാവേലി-പുന്നശേരികോണം റോഡ്, നഗരൂർ വില്ലേജിലെ 11ാം വാർഡിൽ ഉൾപ്പെട്ട നഗരൂർ-മുടവൻതോട്ടം കോളനി റോഡ് എന്നിവക്കാണ് ഏഴരലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിൽ 11, 16 വാർഡുകൾ ഘടകകക്ഷിയായ സി.പി.ഐ അംഗങ്ങളുടെ വാർഡുകളായിരുന്നു. ഇതിൽ അന്നത്തെ 16ാം വാർഡംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കെ. അനിൽകുമാർ പ്രതിനിധീകരിച്ചിരുന്ന വാർഡിൽ ഉൾപ്പെട്ട മാവേലി-പുന്നശേരികോണം റോഡിന് അനുവദിച്ച ഏഴര ലക്ഷം രൂപയാണ് വകമാറ്റിയത്. ഈ തുക 11ാം വാർഡിലെ നഗരൂർ-മുടവൻതോട്ടം റോഡിനായി ചെലവിടുകയായിരുന്നു. അതേസമയം കിലോമീറ്ററുകളുടെ വ്യത്യാസമുള്ള ഇരുറോഡുകളുടെയും പേര് ഒരുമിച്ച് ചേർത്താണ് ശിലാഫലകം സ്ഥാപിച്ചത്. ഇതിൽ മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കാൽനടക്ക് പോലും കഴിയാത്തവിധം ഉരുളൻ കല്ലുകൾ നിറഞ്ഞ് കിടക്കുകയാണ് ഈ റോഡ്. ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പുതുതായി എത്തിയ ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
അന്നത്തെ 16ാം വാർഡംഗവും നിലവിലെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ. അനിൽകുമാർ ഇതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ തയാറായില്ല. അതേസമയം വിഷയത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത പ്രതികരിച്ചു.