കൗൺസിലറുടെ ആത്മഹത്യ: പരസ്പരം പഴിചാരി സി.പി.എമ്മും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: കോർപറേഷൻ ബി.ജെ.പി കൗൺസിലർ കെ. അനിൽകുമാറിന്റെ (തിരുമല അനിൽ) ആത്മഹത്യയിൽ വിവാദം കനക്കുന്നു. ബി.ജെ.പി നേതൃത്വത്തിനെതിരെ സി.പി.എം ആരോപണം ഉന്നയിക്കുമ്പോൾ പൊലീസിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നിലെന്ന ആരോപണം ആവർത്തിക്കുകയാണ് ബി.ജെ.പി. പൊലീസിനെ ഉപയോഗിച്ച് സി.പി.എം അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബി.ജെ.പിയുടെ വാദം. ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് കരമന ജയൻ ശനിയാഴ്ച രാത്രിതന്നെ വാർത്തസമ്മേളനം വിളിച്ചുചേർത്ത് സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എം മുട്ടത്തറ വാർഡ് കൗൺസിലർ അഴിമതിയിൽ കുരുങ്ങിയപ്പോൾ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കി. പണം ശനിയാഴ്ച എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കരമന ജയൻ ആരോപിച്ചു. ഞായറാഴ്ച രാവിലെയും ബി.ജെ.പി തങ്ങളുടെ വാദങ്ങൾ ആവർത്തിച്ചു.
കൗൺസിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും പൊലീസിനെയും പഴിചാരി രക്ഷപെടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി അഡ്വ. വി. ജോയ് പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്റ് നടത്തിയ വാർത്തസമ്മേളനം വസ്തുതകൾക്ക് വിരുദ്ധമാണ്. തിരുമല അനിൽ പ്രസിഡന്റായ ബാങ്കിൽ നിന്ന് നേതാക്കൾ വലിയ തുക വായ്പയെടുത്തിരുന്നു. തിരുമലയിലെ ഒരു നേതാവ് 35 ലക്ഷം രൂപ ഇത്തരത്തിൽ തട്ടിയെടുത്തുവെന്നും അഡ്വ. വി. ജോയ് ആരോപിച്ചു.
അനിൽകുമാറിന്റെ ആത്മഹത്യയിൽ ബി.ജെ.പിയുടെ ആരോപണങ്ങൾ തമ്പാനൂർ പൊലീസ് നിഷേധിച്ചു. അനിൽകുമാറിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിളിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരുമാസം മുമ്പ് നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില് അനില് അധ്യക്ഷനായ വലിയശാല സഹകരണ സംഘം നൽകിയ പരാതി ഒത്തുതീർപ്പാക്കിയതായും ശേഷം ഒരിക്കൽപോലും അനിലിനെ വിളിച്ചുവരുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
തന്റെ പാർട്ടി സഹായിച്ചില്ലെന്ന് ആത്മഹത്യാകുറിപ്പിൽ തിരുമല അനിൽ രേഖപ്പെടുത്തിയിരുന്നു. അനിൽകുമാർ പ്രസിഡന്റായിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെതുടർന്നാണ് ആത്മഹത്യ. ആറുകോടിയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. എല്ലാവരെയും താൻ സഹായിച്ചു. പക്ഷേ പ്രതിസന്ധി വന്നപ്പോൾ താൻ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അനിലിന്റെ ആത്മഹത്യ തലസ്ഥാനത്തെ പ്രധാന ചർച്ചാവിഷയമായി. ബി.ജെ.പി ജില്ല കമിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് തമ്പാനൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.


