വോട്ടെണ്ണൽ 16 കേന്ദ്രങ്ങളിൽ; ലീഡ് നില തത്സമയം അറിയാം; ഓരോ ബൂത്തും എണ്ണി തീരുന്ന മുറക്ക് വോട്ടുനില ‘trend’ ൽ അപ്ലോഡ് ചെയ്യും
text_fieldsതിരുവനന്തപുരം: തദ്ദേശ രെഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ ബൂത്തും എണ്ണി തീരുന്ന മുറക്ക് വോട്ടുനില ‘trend’ ൽ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജാണ് കോർപറേഷന്റെ വോട്ടെണ്ണൽ കേന്ദ്രം. സർവോദയ വിദ്യാലയത്തിലെ സെന്റ് ജോർജ് ബിൽഡിങ്ങിന്റെയും ലിറ്റിൽ ഫ്ളവർ ബ്ലോക്കിന്റെയും മധ്യഭാഗത്തുള്ള ഗ്രൗണ്ട് ഫ്ലോർ ഹാളിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഒന്ന് മുതൽ 26 വരെ വാർഡുകളിലേയും 27 മുതൽ 51 വരെ വാർഡുകളിലേയും വോട്ടുകൾ എണ്ണുന്നത്. 52 മുതൽ 76 വരെ വാർഡുകളിലേത് മാർതിയോഫിലിക്സ് ട്രെയ്നിങ് കോളജിലെ ഗ്രൗണ്ട് ഫ്ലോറിലെ ബാഡ്മിന്റൺ കോർട്ടിലും 77 മുതൽ 101 വരെയുള്ള വാർഡുകളിലെ വോട്ടുകൾ സർവ്വോദയ വിദ്യാലയത്തിലെ ബേസ്മെന്റ് ഫ്ലോർ യാർഡ് ബസ് ഗ്യാരേജിലുമാണ് എണ്ണുക.
നെയ്യാറ്റിൻകര മുനിസിപ്പിലിറ്റിയിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ബി.എച്ച്.എസ് മഞ്ച, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ആറ്റിങ്ങൽ നഗരസഭ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്നത്. ആറ്റിങ്ങൽ നഗരസഭ കെട്ടിടത്തിന്റെ മുൻവശം, ആറ്റിങ്ങൽ നഗരസഭ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മീറ്റിങ് ഹാൾ, രണ്ടാമത്തെ നിലയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് എന്നിവിടങ്ങളിലാണ് വോട്ടെണ്ണലിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. വർക്കല നഗരസഭ കാര്യാലയമാണ് വർക്കല മുൻസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രം.
ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇവയാണ്- പാറശ്ശാല: ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള: ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ: ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം: ഗവ. വി.എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട്: സെന്റ് സേവിയേഴ്സ് കോളജ് തുമ്പ, വെള്ളനാട്- ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട്: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ: ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ്: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല: ശ്രീനാരായണ കോളേജ് ശിവഗിരി.
വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിങ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.


