Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightസി.എ.ടി വിധി; ഐ.എ.എസ്...

സി.എ.ടി വിധി; ഐ.എ.എസ് അസോസിയേഷന്‍റെ ജയം സർക്കാറിന് തിരിച്ചടി

text_fields
bookmark_border
സി.എ.ടി വിധി; ഐ.എ.എസ് അസോസിയേഷന്‍റെ ജയം സർക്കാറിന് തിരിച്ചടി
cancel

തിരുവനന്തപുരം: നിയമങ്ങൾ കാറ്റിൽപറത്തിയുള്ള നിയമനങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കുമെതിരെ ഐ.എ.എസ് അസോസിയേഷൻ നടത്തിയ നിയമപോരാട്ട വിജയം സർക്കാറിന് തിരിച്ചടി. ട്രൈബ്യൂനൽ വിധിക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.

സർക്കാർ നടത്തിയ പല നിയമനങ്ങളും പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണ് കഴിഞ്ഞദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനലിൽനിന്നുണ്ടായത്. സർക്കാറിനെതിരെ സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ സംഘടന നിയമപോരാട്ടം നടത്തി അനുകൂല വിധി സ്വന്തമാക്കിയത് കടുത്ത വെല്ലുവിളിയാണ്. നിയമസഭ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലേറ്റ തിരിച്ചടി സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥ തസ്തികകൾ അവർക്ക് അർഹതപ്പെട്ടതാണെന്ന ട്രൈബ്യൂണൽ വിധി, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഇഷ്ടപ്പെട്ട തസ്തികകളിൽ നിയമിക്കുന്ന സർക്കാർ രീതിക്കേറ്റ തിരിച്ചടിയുമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോഴും സ്ഥലംമാറ്റുമ്പോഴും സിവിൽ സർവിസസ് ബോർഡിന്‍റെ അനുമതി നേടണമെന്ന ചട്ടം പാലിക്കാത്തതിനെതിരെയാണ് ഐ.എ.എസ് അസോസിയേഷൻ മൂന്നുവർഷം മുമ്പ് ട്രൈബ്യൂണലിനെ സമീപിച്ചത്.

പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ ഇഷ്ടാനുസരണം നിയമനവും സ്ഥലംമാറ്റവും നടത്തുകയായിരുന്നു. തങ്ങൾക്ക് അർഹതപ്പെട്ട പല തസ്തികകളും നഷ്ടമാകുകയും അനധികൃത സ്ഥലംമാറ്റം തുടരുകയും ചെയ്തപ്പോൾ ഗതികെട്ടാണ് 2023ൽ ഐ.എ.എസ് അസോസിയേഷൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

2016ൽ അധികാരമേറ്റ ശേഷം ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സി.എസ്.ബി ഒരുതവണ പോലും വിളിച്ചുചേർക്കാതെ നീങ്ങിയ സർക്കാർ ട്രൈബ്യൂണൽ മുമ്പാകെ അസോസിയേഷന്‍റെ ഹരജി എത്തിയ ശേഷമാണ് ആദ്യയോഗം വിളിച്ചതെന്നും ആക്ഷേപമുണ്ട്. വിധിയോടെ എക്സൈസ് കമീഷണർ, കില, ഐ.എം.ജി മേധാവി പദവികളിൽ സർക്കാറിന് പുനർ നിയമനങ്ങൾ നടത്തേണ്ട സാഹചര്യമാണ്. തോന്നുംപടി ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും ഇനി കഴിയില്ല.

വർഷങ്ങളായി ഐ.എ.എസുകാർ വഹിച്ചിരുന്ന എക്സൈസ് കമീഷണർ പദവി ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഐ.പി.എസുകാരിലേക്ക് മാറ്റിയത്.

ഐ.എം.ജിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർ വഹിച്ചിരുന്ന ഡയറക്ടർ ജനറൽ പദവി ഒഴിച്ചിട്ട്, പകരം ഡയറക്ടർ പദവിയുണ്ടാക്കിയ സർക്കാർ 2018ൽ കെ. ജയകുമാറിനെ ഈ സ്ഥാനത്ത് നിയമിക്കുകയായിരുന്നു. അതോടെ ഐ.എ.എസുകാർക്ക് അർഹതപ്പെട്ട ഒരു സ്ഥാനം കൂടി നഷ്ടമായി. ട്രൈബ്യൂനലിൽനിന്ന് തിരിച്ചടിയുണ്ടായേക്കുമെന്ന് തിരിച്ചറിഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡയറക്ടർ ജനറൽ പദവി ഐ.എ.എസുകാർക്ക് തിരികെ നൽകിയത്. സർക്കാറിനെതിരെ നിയമപോരാട്ടത്തിന്‍റെ മുൻനിരയിൽ നിന്ന ഐ.എ.എസ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് കൂടിയായ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ അപ്രധാന തസ്തികകളിലേക്ക് സ്ഥലംമാറ്റിയത് ട്രൈബ്യൂനൽ റദ്ദാക്കിയതും സർക്കാറിന് ക്ഷീണമായി.

Show Full Article
TAGS:IAS association localnews Thiruvanathapuram 
News Summary - CAT verdict: IAS Association's victory is a setback for the government
Next Story