എൽ.ഡി.എഫ് യോഗം ആദ്യമായി എം.എൻ സ്മാരകത്തിൽ
text_fieldsതിരുവനന്തപുരം: ചരിത്രം തുടിക്കുന്ന എം.എൻ സ്മാരക മന്ദിരം മറ്റൊരു നിയോഗത്തിനുകൂടി ആതിഥ്യമരുളുന്നു. സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ ബുധനാഴ്ച ഇടത് മുന്നണി യോഗം ചേരുന്നു. 1980ൽ മുന്നണി രൂപവത്കരണശേഷം വലിയകക്ഷി എന്ന നിലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസാണ് മുന്നണി യോഗങ്ങളുടെ പതിവ് വേദി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏതാനും യോഗങ്ങൾ ക്ലിഫ് ഹൗസിൽ ചേർന്നിരുന്നു. അതല്ലാതെ മറ്റൊരിടത്തും മുന്നണിയോഗം ചേർന്നതായി മുതിർന്ന നേതാക്കൾക്ക് ഓർമയില്ല.
കഴിഞ്ഞ ഡിസംബറിലാണ് നവീകരണം പൂർത്തിയാക്കി വിപുലമായ സൗകര്യങ്ങളോടെ എം.എൻ സ്മാരകമന്ദിരം പ്രവർത്തനം പുനരാരംഭിച്ചത്. പുതിയ ഓഫിസിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ അടക്കം നേതാക്കൾ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ക്ഷണിച്ചെങ്കിലും എത്താനായില്ല. ഇക്കാര്യം വീണ്ടും ഓർമിപ്പിച്ചപ്പോഴാണ് മുന്നണി യോഗം നവീകരിച്ച എം.എൻ സ്മാരകത്തിൽ ചേരാമെന്ന ആശയത്തിലേക്കെത്തിയത്.
വൈകീട്ട് 3.30നാണ് യോഗം. ഭക്ഷണസമയമല്ലാത്തതിനാൽ അതിഥികൾക്ക് ചായസൽക്കാരമാണ് ഒരുക്കിയിരിക്കുന്നത്. എം.എൻ സ്മാരകത്തിൽ മുന്നണി യോഗം ചേർന്നതായി തന്റെ ഓർമയിലില്ലെന്ന് മുന്നണിയിലെ മുതിർന്ന അംഗം മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. സി.പി.എം-സി.പി.ഐ ഉഭകകക്ഷി ചർച്ചകളല്ലാതെ മുന്നണി എന്ന നിലയിൽ എം.എൻ സ്മാരകത്തിൽ യോഗം ചേർന്നിട്ടില്ലെന്ന് മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിലും ചൂണ്ടിക്കാട്ടുന്നു. മുന്നണി യോഗം ആദ്യമായാണെന്ന് പന്ന്യൻ രവീന്ദ്രനും പറഞ്ഞു.
1962ൽ നിർമിച്ച മന്ദിരം 1964ൽ പാർട്ടി പിളരുന്നതുവരെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു. ഇ.എം.എസ്, എ.കെ.ജി, കെ.ആർ. ഗൗരിയമ്മ തുടങ്ങി പിന്നീട് സി.പി.എമ്മിലേക്ക് പോയ നേതാക്കളുടെയെല്ലാം പ്രവർത്തനകേന്ദ്രവും സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ, പി.കെ. വാസുദേവൻ നായർ, വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ, കെ.വി. സുരേന്ദ്രനാഥ് തുടങ്ങി സി.പി.ഐ നേതാക്കളുടെ തട്ടകവും ഇവിടമായിരുന്നു. എം.എൻ. ഗോവിന്ദൻ നായരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമക്ക് 1985ൽ അന്നത്തെ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി സി. രാജേശ്വരറാവുവാണ് എം.എൻ സ്മാരകമെന്ന് നാമകരണം ചെയ്തത്.