Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightപ്രഹരമേറ്റ് എൽ.ഡി.എഫ്...

പ്രഹരമേറ്റ് എൽ.ഡി.എഫ് തലസ്ഥാനത്ത്

text_fields
bookmark_border
LDF,fails ,losses,block panchayats,district,കൊല്ലം, തെരഞ്ഞെടുപ്പ്, ജില്ല പഞ്ചായത്ത്
cancel

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫിനുണ്ടായത് കനത്ത പരാജയം. 2021ൽ 13 നിയമസഭ സമാജികരെ വിജയിപ്പിച്ചെടുത്ത എൽ.ഡി.എഫ് ഇത്തവണ അഞ്ചിലേക്കൊതുങ്ങി. എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റുകൾ രണ്ടെണ്ണം ബി.ജെ.പിയും പിടിച്ചെടുത്തുതോടെ കനത്ത തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. അതേസമയം തലസ്ഥാന ജില്ലയിൽ മുന്നേറ്റംനടത്തുന്ന മുന്നണി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്ന ചൊല്ല് ഇക്കുറിയും അന്വർഥമായി.

എൽ.ഡി.എഫിൽനിന്ന് ആറ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 2016ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി പടിച്ചെടുത്ത നേമം 2021ൽ വി. ശിവൻകുട്ടിയെ ഇറക്കി എൽ.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു. വി. ശിവൻകുട്ടി ബി.ജെ.പിയെ ഇരട്ടപ്പൂട്ടിട്ട് പൂട്ടിയെന്നാണ് ഇടതുപക്ഷം പറഞ്ഞിരുന്നത്. ആ പൂട്ട് പൊളിച്ചാണ് ഇത്തവണ നേമം എൽ.ഡി.എഫിൽനിന്ന് ബി.ജെ.പി, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഇറക്കി തിരികെപ്പിടിച്ചത്. കഴക്കൂട്ടത്ത് മുൻ മന്ത്രി സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബി.ജെ.പിയിലെ വി. മുരളീധരൻ വിജയക്കൊടി പാറിച്ചു. ശബരിമല സ്വർണക്കൊള്ള മുഖ്യതെരഞ്ഞെടുപ്പ് വിഷയമായ ഇവിടെ വോട്ടെണ്ണലിന്‍റെ അവസാന റൗണ്ടിലാണ് കടകംപള്ളി കാലിടറിവീണത്. വെറും 428 വോട്ടിനാണ് പരാജയം.

വട്ടിയൂർക്കാവ്, തിരുവനന്തപുരം, ചിറയിൻകീഴ്, വാമനപുരം, നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളാണ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പടിച്ചെടുത്തത്. വർക്കല (വി. ജോയി), അരുവിക്കര (ജി. സ്റ്റീഫൻ), നെടുമങ്ങാട് (ജി.ആർ. അനിൽ), പാറശ്ശാല (സി.കെ. ഹരീന്ദ്രൻ) എന്നിവിടങ്ങളാണ് എൽ.ഡി.എഫിന് നിലനിർത്താനായത്.യു.ഡി.എഫിന് ബാലികേറാമലയെന്ന് കരുതിയിരുന്ന വാമനപുരത്തുവരെ അവർ ജയിച്ചുകയറി ചരിത്രം തിരുത്തി. വാമനപുരത്തെ തോൽവി എൽ.ഡി.എഫിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. ചിറയിൻകീഴിനെ 15 വർഷമായി നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന സി.പി.ഐയിലെ വി. ശശിയെ മാറ്റി മനോജ് ഇടമനയെ കളത്തിലിറക്കിയതും തിരിച്ചടിയായി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വട്ടിയൂർക്കാവിൽ വോട്ടെണ്ണലിലുടനീളം ആകാംക്ഷ നിലനിന്നു. പലഘട്ടത്തിലും യു.ഡി.എഫിലെ കെ. മുരളീധരനെ പിന്നാക്കം തള്ളിയെങ്കിലും അവസാനം വി.കെ. പ്രശാന്തിന് അടിയറവ് പറയേണ്ടിവന്നു. മുട്ടട, കുറവൻകോണം, പട്ടം, നന്തൻകോട്, കുമാരപുരം, പാറ്റൂർ, കുന്നുകുഴി എന്നിവിടങ്ങളിലെ വോട്ടെണ്ണിയതോടെയാണ് പ്രശാന്ത് പിന്നിൽ പോയത്.സംസ്ഥാനത്ത് ബി.ജെ.പിക്ക് കൂടുതൽ എം.എൽ.എമാരെ നൽകിയത് തലസ്ഥാന ജില്ലയാണ്. നേമത്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും കഴക്കൂട്ടത്ത് മുൻ അധ്യക്ഷനെയുമാണ് ബി.ജെ.പി ജയിപ്പിച്ചത്. മന്ത്രി വി. ശിവൻകുട്ടിയെ 4978 വോട്ടിനാണ് മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തിയത്.ഇരു മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികൾ മികച്ചതായിരുന്നെങ്കിലും കാര്യമായ മത്സരം കാഴ്ചവെക്കാൻ അവർക്കായില്ല.

Show Full Article
TAGS:Thiruvananthapuram Election results LDF UDF BJP election setback 
News Summary - LDF under attack in the capital
Next Story