വന്‍ ലഹരിവേട്ട; 36 ലക്ഷത്തിലേറെ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടികൂടി
text_fieldsഓപറേഷന്‍ തൂഫാന്റെ ഭാഗമായി ബീമാപള്ളിക്ക് സമീപത്തുനിന്ന് പൊലീസ് പിടികൂടിയ ലഹരിവസ്തുക്കള്‍
പൂന്തുറ: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്ത് പൊലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 36 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശിയായ ഫിറോസ് (29) ആണ് പിടിയിലായത്. ശംഖുംമുഖം എ.സി.പിയുടെ നേതൃത്വത്തിലുളള ഓപറേഷന്‍ അഡീഷനല്‍ സ്‌ക്വാഡ് ബീമാപള്ളിക്ക് സമീപമുള്ള വിവിധ കടകളില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, ശംഭു, കൂള്‍ലിപ് തുടങ്ങിയവ പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു. ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്താൻ നടപടികള്‍ ആരംഭിച്ചതായും വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.


