20 ലക്ഷം രൂപക്ക് പകരം ലോട്ടറി ടിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയവർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
തിരുവനന്തപുരം: 20 ലക്ഷം രൂപയുടെ നോട്ടെന്ന വ്യാജേന ലോട്ടറി ടിക്കറ്റ് പൊതിഞ്ഞു നൽകി തട്ടിപ്പു നടത്തിയവർ പിടിയിലായി. നെയ്യാറ്റിൻകര പെരുങ്കിടവിള അയിരൂർ ഗുരു നഗറിൽ ആർ.വി. സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട പുളിമൂട് മാന്നാംകോണം ഭാഗത്ത് ഷൈൻ മോഹൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാളയം ഭാഗത്ത് ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയുടെ കൈയിൽനിന്ന് ഇരട്ടിതുക നൽകാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ ഇവർ കൈപ്പറ്റി. 20 ലക്ഷം രൂപയുടെ നോട്ടെന്ന വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച് നൽകി പണം തട്ടികയായിരുന്നു. കന്റോൺമെന്റ് അസി. കമീഷണർ അജയനാഥിന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർ എസ്. സന്ദീപ്, പ്രജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മാസമാണ് പരാതിയുമായി സ്ത്രീ കന്റോൺമെന്റ് സ്റ്റേഷനെ സമീപിച്ചത്. സജീദിനെ കോടതി റിമാൻഡ് ചെയ്തു. ഷൈനിനെതിരായി മറ്റു നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.


