വെങ്കിക്ക് സിനിമയില്‍ മാത്രമല്ല ‘ഇഡ്ഡലി'യിലുമുണ്ട് പിടി
text_fieldsവെങ്കിടേഷ് തന്റെ ഇഡ്ഡലിക്കടയില്‍ ഭക്ഷണം വിളമ്പുന്ന തിരക്കില്‍
നേമം: പ്രേക്ഷക പ്രിയതാരം വെങ്കിക്ക് അങ്ങ് സിനിമയില്‍ മാത്രമല്ല, ഇവിടെ ഇഡ്ഡലിയിലുമുണ്ട് പിടി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു ഇഡ്ഡലിക്കടയുണ്ട് വെങ്കിക്ക്.
കട ആരംഭിച്ചിട്ട് അധികം നാളായിട്ടില്ല. കടയുടമ വെങ്കി ചില്ലറക്കാരനല്ല, ആളൊരു ഒന്നൊന്നൊര സെലിബ്രിറ്റിയാണ്. ടെലിവിഷന്‍ അവതാരകനായും നടനായും വെങ്കിയെന്ന വെങ്കിടേഷിനെ അറിയാത്തവര്‍ ചുരുക്കം. വെങ്കിയും നാല് കൂട്ടുകാരും ചേര്‍ന്ന് ഒരു മാസം മുമ്പാണ് ‘സുഡ സുഡ ഇഡ്ഡലി’ എന്ന തട്ടുകട ആരംഭിച്ചത്. മൃദുവായ ഇഡ്ഡലി സ്വാദോടെ നല്‍കുകയെന്ന ആഗ്രഹമാണ് വെങ്കിയെ ഇഡ്ഡലിക്കടയുടമയാക്കിയത്.
രാത്രി ഏഴുമുതല്‍ 10.30 വരെയാണ് കടയുടെ പ്രവര്‍ത്തനം. ഈ സമയത്തിനുള്ളില്‍ മുഴുവന്‍ വിഭവങ്ങളും തീരുന്നുണ്ടെന്ന് വെങ്കി പറയുന്നു. പല ആകൃതിയിലും വലുപ്പത്തിലുമുള്ള അര ഡസനോളം ഇഡ്ഡലികളാണ് ഇവിടെ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. അതും വ്യത്യസ്ത രുചികളില്‍.
സോയബീന്‍ ഫില്ലിംഗ് ഇഡ്ഡലിയാണ് കടയിലെ താരം. പൊടി ഇഡ്ഡലി മുതല്‍ ദം ഇഡ്ഡലി വരെ വെങ്കിയും കൂട്ടുകാരും ഇവിടെ ഒരുക്കുന്നു. അയ്യപ്പന്മാരുടെ സീസണ് കഴിഞ്ഞാല്‍ ചിരട്ട ഇഡ്ഡലി അവതരിപ്പിക്കാനുള്ള ആലോചനയിലാണ്. ഇവിടെ മറ്റ് ജോലിക്കാരില്ല. വെങ്കിയും കൂട്ടുകാരുമാണ് കുക്കിങ് മുതല്‍ ക്ലീനിങ് വരെ ചെയ്യുന്നത്.
ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം സുനില്‍ വാക്സ് മ്യൂസിയത്തിന് എതിര്‍വശത്തായാണ് വെങ്കിയുടെ കട. വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ വെങ്കി അഭിനയിക്കുന്നത്. വെങ്കിക്ക് ഷൂട്ടിങ് ഉള്ളപ്പോള്‍ കൂട്ടുകാരാണ് കച്ചവടം നിയന്ത്രിക്കുന്നത്.